District News
ചങ്ങനാശേരി: മാധ്യമങ്ങളുടെ സ്വാധീനം ശക്തമാകുമ്പോള്‍ സത്യം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുകയാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യ സമ്പര്‍ക്ക മാധ്യമദിന സംഗമം കുരിശുംമൂട് മീഡിയ വില്ലേജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
മൂല്യാധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം സാമൂഹ്യനന്മയ്ക്ക് അനിവാര്യമാണെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. മീഡിയ വില്ലേജ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ ആമുഖപ്രസംഗം നടത്തി.
അതിരൂപതയുടെ ഒരു വര്‍ഷം നീളുന്ന മാധ്യമ പ്രേഷിത പ്രവര്‍ത്തന പദ്ധതിയുടെ അവതരണവും മാക് ടിവി മീഡിയ അവാര്‍ഡ് ദാനവും നടന്നു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ കമ്യൂണിക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സെബിന് സിറിയക്കിനും മീഡിയ ജേര്‍ണലിസം അവാര്‍ഡ് ജോര്‍ജി ജോസിനും സമ്മാനിച്ചു. മാക് ടിവി ഡയറക്ടര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍ പ്രസംഗിച്ചു. ഫാ. ജയിംസ് കൊക്കാവയലില്‍, ഫാ. സാവിയോ മാനാട്ട്, ഫാ. മാത്യു മുരിയങ്കരി, ഫാ. ലിപിന്‍ തുണ്ടുകളം എന്നിവര്‍ നേതൃത്വം നല്കി.
സമ്മാനിച്ച മറ്റ് അവാര്‍ഡുകള്‍: മികച്ച അല്മായ കമ്യൂണിക്കേറ്റര്‍- കുര്യാക്കോസ് വീട്ടിക്കല്‍ (ഈശോ വൈബ്), മികച്ച യുവജന മാധ്യമ പ്രേഷിത പ്രവര്‍ത്തനം- എസ്എംവൈഎം കിടങ്ങറ, സെമിനാരി കമ്മ്യൂണിക്കേറ്റര്‍-ഡീക്കന്‍ നോയല്‍ ബി. വര്‍ഗീസ്, സന്യാസിനി കമ്യൂണിക്കേറ്റര്‍-എസ്എച്ച് മീഡിയ, പാലാ, ഇടവക മാധ്യമ പ്രവര്‍ത്തനം-സെന്റ് മേരീസ് ബസിലിക്ക ചമ്പക്കുളം, വൈദിക കമ്മ്യൂണിക്കേറ്റര്‍-ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍.
District News
ചങ്ങനാശേരി: ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്തമഴയില്‍ വിവിധ റോഡുകള്‍ വെള്ളത്തിലായി. കാല്‍നടയാത്രക്കാരും ഇരുചക്രവാഹന സഞ്ചാരികളും ദുരിതത്തിലായി. ചങ്ങനാശേരി വാഴൂര്‍ റോഡില്‍ കുരിശുംമൂടിനു സമീപമുള്ള പമ്പ്ഹൗസ് റോഡ് ജംഗ്ഷന്, വലിയകുളം, വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗറിലുള്ള പെട്രോള്‍ പമ്പിനു മുന്‍വശം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഒഴുക്ക് തടസം പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് ഈ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പട്ടത്. കുരിശുംമൂടിനു സമീപം പമ്പ്ഹൗസ് റോഡ് ജംഗ്ഷനിലെ ട്രാന്സ്ഫോര്മറിനുസമീപത്താണ് നൂറുമീറ്ററോളംസ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നത്. ശക്തമായ മഴയിൽ ഇവിടെ രൂപപ്പെടുന്ന വെള്ളം ഒഴികിപ്പോകാന്‍ സാഹചര്യങ്ങളില്ല. വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗറിലുള്ള പെട്രോള്‍ പമ്പിനു മുന്‍വശത്ത് മഴപെയ്താലുടനെ വെള്ളക്കെട്ട് രൂപപ്പെടുന്നത് സാധാരണമാണ്. നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണിത്.
വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ പതിക്കുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം പതിക്കുന്നതും പതിവാണ്. വെള്ളക്കെട്ടില്‍നിന്നു മാറി സഞ്ചരിക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുന്നതും അപകടത്തിനു കാരണമാണ്. എംസി റോഡില്‍ പെരുന്ന രാജേശ്വരി ജംഗ്ഷനിലും വെള്ളക്കെട്ട് സാധാരണമാണ്.
റോഡ് വികസനത്തിനായി വെട്ടിയ മരങ്ങളും ശിഖരങ്ങളും മാറ്റിയില്ല
ചങ്ങനാശേരി വാഴൂര്‍ റോഡില്‍ വലിയകുളത്ത് ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി വെട്ടിയ മരങ്ങളും ശിഖരങ്ങളും ഫുട്പാത്തില്‍ കൂടിയിട്ടിരിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പ് വെട്ടിയ മരങ്ങളാണ് റോഡരികില്‍ കുന്നുകൂടി കിടക്കുന്നത്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.
പാറേല്പ്പള്ളിക്കും എസ്ബി സ്കൂളിനു ഇടയിലുള്ള ഫുട്പാത്തിലും സമാനരീതിയില്‍ മരശിഖരങ്ങള്‍ കുന്നുകൂടി കിടപ്പുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് പൊതുമരാമത്ത് വകുപ്പും നഗരസഭ, വാഴപ്പള്ളി പഞ്ചായത്ത് ഭരണാധികാരികളും വിഷയത്തില്‍ ഇടപെട്ട് മരങ്ങളുടെ അവശിഷ്ടങ്ങള്‍ ഫുട്പാത്തില്നിന്നും നീക്കംചെയ്യണമെന്ന ആവശ്യം ശക്തമാണ്.
District News
ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിന്റെ വിവിധവാര്‍ഡുകളില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. കുറുമ്പനാടം, വെള്ളുക്കുന്ന്, പുളിയാങ്കുന്ന്, തെങ്ങണ ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തരോഗം കണ്ടെത്തിയത്. വിവിധ വാര്‍ഡുകളിലായി ഇരുപതോളംപേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്ത ജലത്തില്‍നിന്നാണ് മഞ്ഞപ്പിത്തം പടര്‍ന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
പഞ്ചായത്ത് പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കിണറുകളുടെയും ജലസ്രോതസുകളുടെയും ക്ലോറിനേഷന്, വീടുകള്‍ തോറുമുളള രോഗപ്രതിരോധ ബോധവത്കരണം, ബോധവത്കരണ അനൗണ്‍സ്മെന്റ് തുടങ്ങിയ എല്ലാ പ്രതിരോധ പരിപാടികളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
മാര്‍ച്ച് മൂന്നാം ആഴ്ച മുതല്‍ മേയ് ആദ്യവാരം വരെ പഞ്ചായത്തിന്റെ 22 വാര്‍ഡ്കളിലും വാഹനത്തില്‍ കുടിവെള്ളം വിതരണം നടത്തിയിരുന്നു. നാല് വാര്‍ഡ്കളില്‍ മാത്രമാണ് ഇപ്പോള്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു വാര്‍ഡില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് കുടിവെള്ള വിതരണം നടന്നിട്ടുള്ളത്.
മറ്റ് സ്രോതസുകളിലെ വെള്ളവും ജനങ്ങള്‍ ഉപയോഗിച്ചിരിക്കാം. വരള്‍ച്ച രൂക്ഷമായിരുന്ന സമയത്ത് വെള്ളം വിതരണം നടത്തിയതിന്റെ പേരില്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നതായി ബോധപൂര്‍വമായി കുപ്രചാരണം നടക്കുന്നുണ്ടെന്നും അങ്ങനെയെങ്കില്‍ 22 വാര്‍ഡിലും ഈ രോഗബാധ ഉണ്ടാകേണ്ടതല്ലേയെന്നും പ്രസിഡന്റ് ചോദിച്ചു. രോഗബാധ നിയന്ത്രിക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
District News
വൈക്കം: പുതിയ അധ്യയനവർഷത്തിനു മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പ്രത്യേക മഴക്കാല പരിശോധന മോട്ടോർവാഹന വകുപ്പ് തുടങ്ങി. വൈക്കം ആശ്രമം സ്കൂൾ മൈതാനത്ത് ആരംഭിച്ച പരിശോധനാ ക്യാമ്പ് 20ന് സമാപിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
വൈക്കം താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ നിർബന്ധമായും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു. വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ സംവിധാനങ്ങൾ, രേഖകൾ, അടിയന്തര സുരക്ഷാ ഉപകരണങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്. പരിശോധനയ്ക്ക് യഥാസമയം ഹാജരായി സ്റ്റിക്കർ ലഭിക്കാത്ത സ്കൂൾ വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും വൈക്കം ജോയിന്റ് ആർടിഒ അറിയിച്ചു.
പരിശോധനയ്ക്ക് വൈക്കം ജോയിന്റ് ആർടിഒ കെ.ജി. ബിജു, എംവിഎമാരായ മെൽവിൽ ക്ലീറ്റർ, ഭരത്ചന്ദ്രൻ, എഎംവിമാരായ സോബി ജോൺ, അനൂപ്, വരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
District News
തലയോലപ്പറമ്പ്: വെള്ളൂർ നീർപ്പാറ അസീസി മൗണ്ട് ബധിരവിദ്യാലയം എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 30-ാം വർഷവും നൂറുമേനി വിജയം കൊയ്തു.
നാല് ആൺകുട്ടികളും നാലു പെൺകുട്ടികളുമാണ് ഇക്കുറി പരീക്ഷ എഴുതിയത്. കേൾവിയുടെ ലോകം അന്യമായ കുട്ടികൾ പ്രതികൂല സാഹചര്യങ്ങളോടു പൊരുതിയാണ് പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തുന്നത്.
സർക്കാർ എയ്ഡഡ് വിദ്യാലയമായ ഇവിടെ വിദ്യാഥകൾക്കു സൗജന്യ ഭക്ഷണവും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് സ്കൂളിന് മികച്ച വിജയം നേടിത്തന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ റെനി, ഹെഡ്മിസ്ട്രസ് സിസ്റ്റർ റീന തോമസ് എന്നിവർ പറഞ്ഞു.
District News
തലയോലപ്പറമ്പ്: കേന്ദ്ര സർക്കാരിന്റെ തെറ്റായ വിദേശനയമാണ് ഇന്ത്യയിലെ ഇന്ധനപ്രതിസന്ധിക്കു കാരണമെന്ന് വി.എം. സുധീരൻ. ഇന്ധന വിലവർധനവിന് എതിരേ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. മോഹൻ ഡി. ബാബു, കെ.ബിനിമോന് എംഎൽഎ, പി.വി. പ്രസാദ്, പി.പി. സിബിച്ചൻ, ഷൈൻ പ്രകാശ് എന്നിവർ സംബന്ധിച്ചു.
District News
വെച്ചൂർ: ശക്തമായ കാറ്റിലും മഴയിലും വെച്ചൂരിൽ കനത്ത നാശം. നിരവധി വീടുകൾക്കും വൈദ്യുതി ലൈനിലുമായി മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് വീടുകൾക്കു നാശം സംഭവിച്ചു. ഉൾപ്രദേശങ്ങളിൽ ഇനിയും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. വെച്ചൂർ അഞ്ചാം വാർഡിൽ കല്ലിത്തറ ശ്യാംലാലിന്റെ വീടിനു മീതെ മരം വീണ് ഷീറ്റുമേഞ്ഞ വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു.
പുത്തൻതറ സന്തോഷിന്റെ ഓടുമേഞ്ഞ വീടിനു മുകളിൽ വൻ മരം കടപുഴകി വീണ് വീടിനു ഭാഗീകമായി കേടുപാടു സംഭവിച്ചു. ശാസ്തക്കുളം ക്ഷേത്രത്തിനു മുന്നിൽനിന്ന കൂറ്റൻ ആൽമരം മറിഞ്ഞുവീണു. ദേവസ്വംകരി പാടശേഖരത്തിനു സമീപത്തു നിന്നിരുന്ന വൻ മരവും കാറ്റിൽ കടപുഴകി നിലംപൊത്തി.
കാറ്റിൽ മരങ്ങൾ വീണ് 15 വൈദ്യുത പോസ്റ്റുകൾ തകർന്നു. മരങ്ങൾ മുറിച്ചു നീക്കി അക്ഷീണം യത്നിച്ച് കെഎസ്ഇബി ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിക്കാൻ ഊർജിതശ്രമം നടത്തിവരികയാണ്.
District News
പൂവത്തിളപ്പ്: തെക്കുംതല കെ.ആർ. നാരായ ണൻ ഫിലിം ഇസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കാനെ ത്തിയ കുട്ടികളഎ തടഞ്ഞ് എസ്എഫ്ഐ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയ പാമ്പാടി എൻഎസ്എസ് 215-ാം നമ്പർ കരയോഗത്തിലെ മന്നം ബാലസമാജത്തിലെ 35 കുട്ടികളെയും ഒപ്പമെത്തിയ അഞ്ച് ഭാരവാഹികളെയുമാണ് തടഞ്ഞത്. എസ്എഫ്ഐ പ്രതിനിധികളെന്ന് പറഞ്ഞെത്തിയവരാണ് തടഞ്ഞത്.
എല്ലാ ശനിയാഴ്ചയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുജനങ്ങൾക്കും സംഘങ്ങൾക്കും സന്ദർശിക്കുന്നതിന് അവസരമുണ്ട്. ഇതിന്റെ ഭാഗമായി കരയോഗത്തിന്റെ പേരിൽ അനുമതി തേടിയ ശേഷമാണ് ഇന്നലെ ബാലസമാജത്തിലെ കുട്ടികളും അഞ്ച് ഭാരവാഹികളുമടങ്ങുന്ന സംഘം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ ഇവർക്കായി നടക്കുന്നതിനിടിയിലാണ് എസ്എഫ്ഐ പ്രതിനിധികൾ തടസവുമായി എത്തിയത്. സമുദായ സംഘടനയുടെ പേരിൽ സന്ദർശനം നടത്താൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. വാക്കേറ്റവും നടന്നു. തുടർന്നു സന്ദർശനം അവസാനിപ്പിച്ച് ഇവർ മടങ്ങി.
കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ബാലസമാജം അംഗങ്ങൾ സന്ദർശനം നടത്തിയത്. അവർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സണ്ണി ജോസഫ് ഖേദം രേഖപ്പെടുത്തി.
എസ്എഫ്ഐ പ്രവർത്തകർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കോളജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടിയാലോചനകൾക്ക് ശേഷം പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകുമെന്ന് കരയോഗം സെക്രട്ടറി അജിത്ത് കുമാർ അറിയിച്ചു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച മന്നം സമാജത്തിലെ കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരേ ബാലാവകാശ നിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി പ്രതികരിച്ചു.
എസ്എഫ്ഐ നിലപാട് പ്രാകൃതവും കാടത്തവും: ചാണ്ടി ഉമ്മൻ
പള്ളിക്കത്തോട്: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ൽ അക്കാദമിക് ആവശ്യങ്ങൾക്കായി മുൻകൂർ അനുമതിവാങ്ങി എത്തിയ എൻഎസ്എസ് ബാലസമാജം വിദ്യാർഥികളെ അന്യായമായി തടഞ്ഞ നടപടി സമരമല്ല, മറിച്ച് സമരാഭാസവും കാടത്തവും പ്രാകൃതവുമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.
എസ്എഫ്ഐ സ്വീകരിച്ച നിലപാട് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. രാഷ്ട്രീയ തോൽവിയുടെ നിരാശ വിദ്യാർഥികളോടും പൊതുജനങ്ങളോടും തീർക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിമർശിച്ചു.
District News
പട്ടിത്താനം: നഴ്സറി ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ച് സ്നേഹഗിരി സന്യാസിനിമാരായി സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്ത രത്നഗിരി സെന്റ് തോമസ് ഇടവകയില്‍പ്പെട്ട ഡോണാ തെരേസിനെയും ആതിര തെരേസിനെയും ഇടവക സമൂഹം അനുമോദിക്കും.
ഇന്ന് വൈകുന്നേരം നാലിനുള്ള വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ വികാരി ഫാ. ജോസഫ് തറപ്പേല്‍ അധ്യക്ഷത വഹിക്കും. മാര്‍ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.
കരിങ്ങോട്ടില്‍ സിബി-സാലി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് സിസ്റ്റര്‍ ഡോണാ. തുണ്ടത്തില്‍ റോയി-ജൂലി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് സിസ്റ്റര്‍ ആതിര.
നവസന്യാസിനിമാര് രത്നഗിരി അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠനം ആരംഭിച്ച് പട്ടിത്താനം സെന്റ് ബോനിഫസ് യുപി സ്കൂള്‍, കുര്യനാട് സെന്റ് ആന്‍സ് എച്ച്എസ്എസ് എന്നിവിടങ്ങളില്‍ പഠിച്ച് ഇടവകയിലെ സണ്‍ഡേ സ്കൂളിലും സതീര്‍ഥ്യരായി ഇപ്പോള്‍ സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്തതില്‍ കൂട്ടുകാരും വീട്ടുകാരും ഇടവകജനവും ആഹ്ലാദത്തിലാണ്.
District News
കുമരകം: മലയാളികൾക്കിടയിലുള്ള ഒരു പഴഞ്ചൊല്ല് കുമരകത്ത് യാഥാർഥ്യമായി. ശക്തമായ കാറ്റിലും മഴയിലും കടപഴുകിവീണ തെങ്ങാണ് പഴഞ്ചൊല്ല് ശരിയാണെന്ന് തെളിയിച്ചത്. കുമരകം ആറാം വാർഡിൽ ഓട്ടോറിക്ഷാ ഡ്രൈവർ ചോതിരക്കുന്നേൽ തോമസ് പി. മാത്യു(കൊച്ചുമോൻ)വിന്റെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഓട്ടം കഴിഞ്ഞെത്തി ഓട്ടോറിക്ഷാ പതിവു പോലെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തു.
ഉറക്കത്തിനിടെ വലിയ ശബ്ദം കേട്ട് ഉണർന്നു. പുറത്തിറങ്ങിയപ്പോൾ കണ്ടകാഴ്ച കൊച്ചുമോനെ അത്ഭുതപ്പെടുത്തി. വീടിനും ഓട്ടോറിക്ഷയ്ക്കും ഇടയിലൂടെ ഒരു നഷ്ടവും ഉണ്ടാക്കാതെ തെങ്ങ് നിലം പൊത്തിക്കിടക്കുന്നു. അല്പം മാറിയിരുന്നെങ്കിൽ ഓട്ടോയുടെ മുകളിലും മറുവശത്തേക്ക് മാറിയാൽ വീടിന്റെ മുകളിലും തെങ്ങ് പതിക്കുമായിരുന്നു.
കുടുംബത്തിന്റെ അത്താണിയായ ഒട്ടോറിക്ഷയ്ക്കോ വീടിനോ ഒരു പോറൽ പോലും ഏൽപിക്കാതെ നിലംപൊത്തിക്കിടക്കുന്ന തെങ്ങ് കണ്ടപ്പോൾ കൊച്ചുമോൻ ഉള്ളിൽ പറഞ്ഞു തെങ്ങ് ചതിക്കില്ല.
District News
കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാദിനാചരണം 20ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫെറോനാ പള്ളിയിലെ ഫാ. ഡൊമിനിക് തോട്ടാശേരി നഗറില്‍ നടക്കും. രാവിലെ ഒമ്പതുമുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെയാണ് പരിപാടികൾ. അതിരൂപത സ്ഥാപിക്കപ്പെട്ടതിന്റെ ശതോത്തര റൂബി ജൂബിലി ആചരിക്കുന്നു എന്നതാണ് ഇത്തവണത്തെ അതിരൂപതാദിനത്തിന്റെ പ്രത്യേകത. അഞ്ച് ജില്ലകളിലെ 250 ഇടവകകളിലായി 82,000 കുടുംബങ്ങളിലെ നാലുലക്ഷത്തില്‍പരം വരുന്ന വിശ്വാസി പ്രതിനിധികളും സന്യസ്ത പ്രതിനിധികളും വൈദികരും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര് സമ്മേളനത്തില്‍ പങ്കെടുക്കും. മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ക്കും അതിരൂപതാദിനത്തില്‍ ആരംഭം കുറിക്കും.
പൊതുസമ്മേളനം രാവിലെ 10ന് മലങ്കര പത്തനംതിട്ട രൂപതാ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷനാകും. മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും മുഖ്യാതിഥി കേരള നേവല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് കമ്മഡോര്‍ വര്‍ഗീസ് മാത്യു മുഖ്യപ്രഭാഷണവും നടത്തും.
പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിമാരായ ബിജു സെബാസ്റ്റ്യൻ, ഡോ. പി.വി. ജെറോം എന്നിവര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് അതിരൂപതാ ആന്തം ആലപിക്കും. വികാരി ജനറാൾ മോൺ. സ്കറിയ കന്യാകോണില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. മുഖ്യവികാരി ജനറാൾ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സ്വാഗതം ആശംസിക്കും.
തൃക്കൊടിത്താനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി സമ്മേളനനഗര്‍ പരിചയപ്പെടുത്തും. വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എഫ്സിസി കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റർ ബ്രിജി എഫ്സിസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രഫ. ഡോ. രേഖ മാത്യൂസ്, യുവദീപ്തി-എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡന്റ് ലൂസി പീലിപ്പോസ് എന്നിവര്‍ പ്രസംഗിക്കും. വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര അതിരൂപതാദിനത്തിന്റെ പ്രഖ്യാപനവും പതാക കൈമാറലും നടത്തും. അതിരൂപതാദിന കോ - ഓർഡിനേറ്റർ ഫാ. ചെറിയാന് കക്കുഴി നന്ദി രേഖപ്പെടുത്തും. സ്നേഹവിരുന്നോടെ സമ്മേളനം സമാപിക്കും.
അതിരൂപതാദിനത്തിന്റെ ഇടവകതല ആഘോഷം ഇന്നു നടക്കും. സമുദായ ശാക്തീകരണ വര്‍ഷാചരണത്തോടനുബന്ധിച്ച് അതിരൂപത നടത്തുന്ന കാര്‍പ് അസ്പെയർ, ദളിത് കത്തോലിക്ക വിദ്യാഭ്യാസ പദ്ധതി തുടങ്ങിയവയുടെ ഉദ്ഘാടനവും സമ്മേളനത്തില്‍ നടക്കും. ശാന്താ ജോസിനും ഡോ. കെ.സി. ജോസഫിനും എക്സലന്‍സ് അവാര്‍ഡ്
അതിരൂപതയുടെ പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തക ശാന്താ ജോസ്, മുൻ എംഎൽഎ ഡോ. കെ.സി. ജോസഫ് എന്നിവർക്ക് സമ്മാനിക്കും.
ആദരവുകള്‍
സിസ്റ്റർ ആലീസ് ഫൈന സിഎംസി, നിയമ വിദഗ്ധന്‍ അഡ്വ. കെ.സി. ജോര്‍ജ് കളരിക്കൽ, കര്ഷകൻ ജോസ് ജോണ്‍ വേങ്ങാന്തറ, പ്രോ ലൈഫ് പ്രവര്ത്തകന് ഏബ്രഹാം പുത്തന്‍കളം, കലാകാരൻ സി.എ. ആന്റണി ചെന്നിത്തല വെരൂർ, കൂടുതല്‍ മക്കളുള്ള ജിനോ ആന്‍ഡ് ടിനു, ജോസഫ് ആന്‍ഡ് ജോസി ദമ്പതികള്‍ എന്നിവര്‍ക്കാണ് സമുദായശക്തീകരണ പുരസ്കാരം. കൂടാതെ മികച്ച യുവസംരംഭകര്‍ക്കുള്ള അവാര്‍ഡും നല്‍കും. കെസിബിസി, സിബിസിഐ, സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകം അദരിക്കും.
ഛായാചിത്ര-ദീപശിഖ പ്രയാണങ്ങള്‍ 19ന്
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് 20നു നടക്കുന്ന ചങ്ങനാശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി 19നു വിളമ്പരദിനമായി ആചരിക്കും. സമുദായ ശക്തീകരണവര്ഷത്തിന്റെ ഭാഗമായി സമുദായത്തിനും പൊതുസമൂഹത്തിനും വിശിഷ്ട സംഭാവനകള്‍ നല്കിയ വ്യക്തികളെ പ്രത്യേകമായി അനുസ്മരിക്കും.
അന്നേദിവസം രാവിലെ 10ന് തിരുവനന്തപുരം പാളയത്തുള്ള, സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന് സ്മാരകത്തില്‍നിന്ന് മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ ദീപശിഖാ പ്രയാണം ആരംഭിക്കും. മോണ്‍. ജോണ്‍ തെക്കേക്കര ദീപംതെളിച്ച് കൈമാറും.
മിഷന്‍ലീഗ് അതിരൂപത പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങും. വിവിധ ഇടവകകളുടെ സ്വീകരണങ്ങള്‍ക്കുശേഷം നാലുകോടിയില്‍ എത്തിച്ചേരുന്ന പ്രയാണം തൃക്കൊടിത്താനം മേഖലാ മിഷന്‍ലീഗ് അംഗങ്ങള്‍ സ്വീകരിച്ച് സൈക്കിള്‍ റാലിയായി സമ്മേളന നഗരിയിലേക്ക് ആനയിക്കും.
ഛായാചിത്ര പ്രയാണം ഫാ. ഡൊമിനിക് തോട്ടാശേരി ആദ്യ ചെയര്‍മാനാ യിരുന്ന ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍നിന്ന് ആരംഭിക്കും. മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ് അനാഛാദനം ചെയ്ത് യുവദീപ്തി-എസ്എംവൈഎം അതിരൂപത പ്രസിഡന്റ് അലക്സ് സെബാസ്റ്റ്യന്‍ മഞ്ഞുമ്മേലിനു കൈമാറും. ഛായാചിത്ര പ്രയാണം വിവിധ ഇടവകളുടെ സ്വീകരണം ഏറ്റുവാങ്ങി സമ്മേളനനഗരിയില്‍ എത്തിച്ചേരും.
അതിരൂപത ദിനത്തിന്റെ വിജദയത്തിനായി അതിരൂപതാതലത്തില്‍ ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, മോണ്‍. ജോണ്‍ തെക്കേക്കര, ചാന്‍സലര്‍ ഫാ. ഡോ. ജോര്‍ജ് പുതുമനമുഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളേക്കല്‍, തൃക്കൊടിത്താനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, അതിരൂപതാദിന കോ-ഓര്‍ഡിനേറ്റര്‍മാരായ ഫാ. ചെറിയാന് കക്കുഴി, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. ജേക്കബ് കളത്തിവീട്ടില്‍, ഇടവക വികാരിമാര്‍, കൈക്കാരന്മാര്, അത്മായനേതാക്കള്‍ എന്നിവരുടെ ചുമതലയില്‍ പരിപാടികളുടെ വിജയത്തിനായി ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
നൂതന പദ്ധതികളുമായി അതിരൂപത
ചങ്ങനാശേരി: സമുദായശക്തീകരണ വര്‍ഷാചരണത്തോടനുബന്ധിച്ച് അതിരൂപത രണ്ടു നൂതന പദ്ധതികള്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തൃക്കൊടിത്താനത്തു നടക്കുന്ന അതിരൂപതാദിന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും.
കുട്ടികളെ ലഹരിക്കെണികളില്നിന്നും മറ്റും രക്ഷിക്കുക, മികച്ച കരിയറുകള്‍ പരിചയപ്പെടുത്തിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന പദ്ധതിയാണ് അസ്പെയര്‍. ആദ്യവര്‍ഷം അതിരൂപത സണ്ടേസ്കൂളികൂളിലെ 2000 കുട്ടികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ 1974 -76 പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം അരുവിത്തുറ കോളജ് സെമിനാർ ഹാളിൽ നടന്നു. കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യാതിഥിയായി.
കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, മുൻ ഫിസിക്സ് വിഭാഗം മേധാവി പ്രഫ. തോമസ് വി. അലപ്പാട്ട്, പൂർവവിദ്യാർഥികളായ മുൻ പിഎസ്സി അംഗം പ്രഫ. ലോപ്പസ് മാത്യു, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി, പി.എസ്. സെബാസ്റ്റ്യൻ, സുനിൽ കുമാർ, രാമചന്ദ്രൻ നായർ തുടങ്ങിയവർ പൂർവവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പ്രായത്തെയും ശാരീരിക വെല്ലുവിളികളെയും അതിജീവിച്ച് 56 പൂർവവിദ്യാർഥികൾ ചടങ്ങിനെത്തി. തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും സ്നേഹവിരുന്നിൽ പങ്കുചേർന്നും അവർ കൂടിച്ചേരൽ അവിസ്മരണീയമാക്കി.
Kerala
കോട്ടയം: ചെറുവള്ളി പള്ളിപ്പടിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയിൽ വിഷ്ണു (32) ആണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ വിഷ്ണുവിനെ കാണാതായതോടെ സുഹൃത്തുക്കൾ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.
District News
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ വിശ്വകർമ്മ സംഘടനകളും പെരുവന്താനം സെന്റ് ആന്റണീസ് കോളജും സംയുക്തമായി സർഗപഥം 2k26 എന്ന പേരില്‍ മെഗാ യൂത്ത് എക്സ്പോ എന്ന പ്രോഗ്രാം ഈ മാസം 26ന് രാവിലെ 10ന് പൊൻകുന്നം സ്വദേശി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.
മികച്ച ജോലി നേടുന്നതിന് ആവശ്യമായ കരിയർ ഓറിയന്റേഷൻ, ലഹരിക്കെതിരേയുള്ള ബോധവത്കരണം, മൊബൈൽ ഫോൺ ദുരുപയോഗത്തെ കുറിച്ചുള്ള അവബോധം എന്നിവ പരിപാടിയുടെ ഭാഗമാണ്.
കൂടാതെ ആധുനിക പഠന രീതികളായ വെർച്യുൽ റിയാലിറ്റി (വിആർ) ഓഗ്മെന്റഡ് റിയാലിറ്റി (എആർ) റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിംഗ്, ഡേറ്റ സയൻസ്, ഏവിയേഷൻ, ഹോട്ടൽ മാനേജ്മന്റ്, ഫാഷൻ ഡിസൈനിംഗ് ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെ വീഡിയോ പ്രദർശനവും എക്സിബിഷനുകളും സ്റ്റാളുകളും കരിയര്‍ ആപ്റ്റിട്യുഡ് ടെസ്റ്റും മ്യൂസിക്കല്‍ ഡിജെയും ഉണ്ടാവും.
വിശ്വകർമ്മ ചാരിറ്റബിൾ സൊസെറ്റി പ്രസിഡന്റ് കെ.എസ്. ഗോപാലകൃഷ്ണൻ അധ്യക്ഷനാകുന്ന യോഗം രാജേഷ് മണിമല (സബ് ഇൻസ്പെക്ടർ ഓഫ് പോലിസ് ക്രൈം ബ്രാഞ്ച്) ഉദ്ഘാടനം ചെയ്യും.
പെരുവന്താനം സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പളും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, മോനിഷ എം. മോഹനൻ, ജിനു തോമസ്, റ്റിജോ മോൻ ജേക്കബ്, നാന്‍സി ഡിക്രുസ് എന്നിവർ ക്ലാസുകൾ നയിക്കും.
വിശ്വകർമ്മ സംഘടന നേതാക്കളായ കെ.കെ. ഹരി, സി.ബി. മോഹനൻ, ദീപ്തി ഹരികുമാർ, റിനു എം, പി.എം. സുരേഷ് , കോളജ് വൈസ് പ്രിൻസിപ്പൾമാരായ പി.ആർ. രതീഷ്, സുപർണ രാജു എന്നിവരും പി.ആർ. ബിന്ദു, പി.ആർ. ബീന, പി.സി. രാജി, പി. അനുരാഗ് തുടങ്ങിയവരും നേതൃത്വം നൽകും.
പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 98 47 72 52 46, 99 95 14 32 54, 79 07 51 52 26.
District News
കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 20 -ന് തുറന്നുതുടങ്ങാൻ ധാരണയായി. കഴിഞ്ഞ ദിവസം ഓൺലൈനായി കൂടിയ യോഗത്തിലാണ് തീരുമാനും. മാർച്ച് 15-ന് തുറക്കേണ്ട ഷട്ടറുകൾ 36 ദിവസങ്ങൾ കഴിഞ്ഞാണ് തുറക്കാൻ തുടങ്ങുക. കഴിഞ്ഞ വർഷം ഏപ്രിൽ 11 - ന് ഷട്ടർ തുറന്നിരുന്നു.
ഷട്ടറുകൾ അടഞ്ഞുകിടക്കുന്നത് അപ്പർ കുട്ടനാടിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ദോഷകരമായി ഭവിക്കുകയാണ് . കാർഷിക കലണ്ടർ അനുസരിച്ച് നെൽകൃഷിയിറക്കാത്തതാണ് ഷട്ടർ ഉയർത്തുന്നത് വൈകാൻ കാരണം.
ജലാശയങ്ങൾ മലിനമാകാനും പോളയും പായലും തിങ്ങിനിറയാനുമുള്ള പ്രധാന കാരണം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തി ഉപ്പുവെള്ളത്തെ തടയുന്നതാണ്. കുട്ടനാട്ടിലെ നാളികേര കൃഷി പരാജയപ്പെടാനുള്ള പ്രധാന കാരണവും മത്സ്യസമ്പത്തു കുറയാനുള്ള കാരണവും തണ്ണീർമക്കം ബണ്ട് അടച്ചിടുന്നതാണ്.
അടുത്ത വർഷം മുതലെങ്കിലും സമയബന്ധിതമായി പുഞ്ച കൃഷിയിറക്കുകയും മാർച്ച് 15 -നുതന്നെ ഷട്ടർ ഉയർത്തുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
അരുവിത്തുറ: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച കായിക പരിശീലകനുള്ള ജി.വി. രാജ അവാർഡിന് അർഹനായ അരുവിത്തുറ സെന്റ് ജോർജ് കോളജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന് കോളജിൽ സ്വീകരണം നൽകി.
ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അഭിനന്ദനങ്ങൾക്ക് ജേക്കബ് ജോസഫ് മറുപടി നൽകി. ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ കെ.എസ്. സുജിത്ത്, കേരള യൂത്ത് വോളി ബോൾ ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട പോൾസ് ടോമി എന്നീ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
District News
അരുവിത്തുറ: ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർഥാടന ദൈവാലയത്തിലെ വിശുദ്ധ വാരാചരണങ്ങൾക്ക് 40-ാം വെള്ളിയോടെ തുടക്കമാകും.
40-ാം വെള്ളിയാഴ്ച രാവിലെ 5.30, 6.45, 8.00, 9.15 ,10.30 എന്നീ സമയങ്ങളിലും വൈകുന്നേരം നാലിനും ദൈവാലയത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും.
അന്നേദിവസം രാവിലെ 9.30, 11.00, വൈകുന്നേരം 5.15 എന്നീ സമയങ്ങളിൽ ഫൊറോനാ തീർഥാടന ദൈവാലയത്തിൽ നിന്നും ജപമാല പ്രദക്ഷിണത്തോടു കൂടിയ കുരിശിന്റെ വഴി വല്യച്ചൻ മലയിലേക്ക് നടത്തപ്പെടും.
രാവിലെ എട്ടു മുതൽ വല്യച്ചൻ മലയിൽ എത്തുന്ന തീർഥാടകർക്കായി നേർച്ച കഞ്ഞി വിതരണവും ഒരുക്കിയിട്ടുണ്ട്. 40-ാം വെള്ളിയാഴ്ച വൈകുന്നേരത്തെ തിരുകർമങ്ങളോട് അനുബന്ധിച്ച് കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന അരുവിത്തുറ വല്യച്ചൻ മലയുടെ രാജശില്പി റവ.ഫാ. തോമസ് ഓലിക്കലിനെ ആദരിക്കും.
മോൺ റവ.ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് വല്യച്ചൻ മലയിൽ സന്ദേശം നൽകും. 29ന് വിപുലമായ ഓശാന ഞായറാഴ്ച ആചരണങ്ങൾ ദൈവാലയത്തിൽ നടക്കും. 30ന് രാവിലെ 6.30ന് ദൈവാലയത്തിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്ലൂസ് മോൺ റവ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
തുടർന്ന് 40 മണി ആരാധന ആരംഭിക്കും. ഏപ്രിൽ ഒന്നിന് ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ 40 മണി ആരാധന സമാപിക്കും. ഏപ്രിൽ മൂന്നിന് അതി വിപുലമായ ദുഃഖവെള്ളി ആചരണങ്ങൾ വല്യച്ചൻ മലയിൽ നടക്കും.
രാവിലെ 11 മുതൽ വല്യച്ചൻ മലയിൽ പാനവായന ഉണ്ടാവും. വെള്ളിയാഴ്ചത്തെ ഔദ്യോഗിക തിരുകർമങ്ങൾ ഉച്ചകഴിഞ്ഞ് 2.30ന് അരുവിത്തുറ ഫൊറോന തീർഥാടന ദൈവാലയത്തിൽ ആരംഭിച്ച് നാലിന് കരുണയുടെ ജപമാല പ്രദക്ഷിണത്തോടുകൂടി കുരിശിന്റെ വഴി ചൊല്ലി വല്യച്ചൻ മലകയറും.
അരുവിത്തുറ ഫൊറോന തീർഥാടന ദൈവാലയത്തിൽ റവ.ഫാ. ഷീൻ പാലയ്ക്കാതടത്തിലും വല്ല്യച്ചൻ മലയിൽ റവ.ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിക്കലും സന്ദേശം നൽകും. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വല്യച്ചൻ മലയിൽ നേർച്ച കഞ്ഞി വിതരണം ഉണ്ടാവും.
40-ാം വെള്ളി, ദുഃഖവെള്ളി ദിവസങ്ങളിൽ വല്യച്ചൻ മലയിൽ നാല് ഗ്രൗണ്ടുകളിലായി വാഹന പാർക്കിംഗ് ക്രമീകരിക്കും. ഇതോടൊപ്പം മലയടിവാരത്തെ പാർക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യാം.
ദുഃഖവെള്ളിയാഴ്ച അരുവിത്തുറ സ്റ്റേഡിയത്തിലും വാഹന പാർക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്. ദുഃഖ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മുതൽ പാലാ - ഭരണങ്ങാനം - കൊണ്ടൂർ - കോളജ് റോഡ് വഴി അരുവിത്തുറയിലേക്ക് വൺവേ ഗതാഗത ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം വല്യച്ചൻ മലയിൽ എത്തുന്ന തീർഥാടകര്‍ക്കായി കുടിവെള്ള മുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അരുവിത്തുറ ഫൊറോന വികാരി വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
District News
അധ്യാപകരോട് വോട്ടഭ്യര്‍ഥിച്ച് വിനു ജോബ്
ചങ്ങനാശേരി: നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിലെത്തി യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബ് വോട്ട് അഭ്യര്‍ഥിച്ചു. തൃക്കൊടിത്താനം ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കെപിഎസ്ടിഎ അധ്യാപക സമ്മേളനം നടന്ന മുഹമ്മദന്‍സ് യുപി സ്കൂളിലുമെത്തിയാണ് വോട്ട് തേടിയത്.
തൃക്കൊടിത്താനത്തു നടന്ന യുഡിഎഫ് മണ്ഡലം കണ്വന്ഷന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്് മോട്ടി മുല്ലശേരി അധ്യക്ഷത വഹിച്ചു.
ഇന്ന് അഞ്ചിന് ചങ്ങനാശേരി വെസ്റ്റ് മണ്ഡലം കണ്വന്ഷന് മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തിലും പായിപ്പാട് മണ്ഡലം കണ്വന്ഷന് നാലുകോടി സഹകരണ ബാങ്ക് ഹാളിലും നടക്കും. വൈകുന്നേരം ആറിന് കുറിച്ചിയിലും മണ്ഡലം കണ്വന്ഷൻ സംഘടിപ്പിച്ചിട്ടുണ്ട്.
ഫ്ളെക്സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചു
തൃക്കൊടിത്താനം: യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബിന്റെ തൃക്കൊടിത്താനം പീടികപ്പടി-ചെമ്പുപുറം റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തൃക്കൊടിത്താനം പോലീസ് കേസെടുത്തു.
സംഭവത്തില്‍ തൃക്കൊടിത്താനം മണ്ഡലം യുഡിഎഫ് ഇലക്ഷന് കമ്മിറ്റി പ്രതിഷേധിച്ചു. ചെയര്മാന് മോട്ടി മുല്ലശേരിയുടെ അധ്യക്ഷതയില്‍ കെ.എ. ജോസഫ്, ജയിംസ് പതാരംചിറ, ബാബു രാജേന്ദ്രന്, ബാബു കുട്ടന്‍ചിറ, ദിനേശന് മടുക്കത്താനം എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ജെഡി നേതൃസമ്മേളനം
ചങ്ങനാശേരി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോബ് മൈക്കിളിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ആര്‍ജെഡി നിയോജകമണ്ഡലം നേതൃസമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി സി. ചീരഞ്ചിറ അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി ജോണ്‍ മാത്യു മൂലയില്‍, മഹിളാ ജനത ജില്ലാ പ്രസിഡന്റ് ഓമന വിദ്യാധരന്, സുരേഷ് പുഞ്ചക്കോട്ടില്‍, ടി.ഡി. വര്‍ഗീസ്, കെ.എസ്. മാത്യൂസ്, ഇ.ഡി. ജോര്‍ജ്, റെജി എടത്തറ, ലാല്‍ പ്ലാംതോപ്പില്, മണി കരിങ്ങണാമറ്റം എന്നിവര്‍ പ്രസംഗിച്ചു. ജോബ് മൈക്കിള്‍ മറുപടി പ്രസംഗം നടത്തി.
വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് തേടി ബി. രാധാകൃഷ്ണമേനോന്
ചങ്ങനാശേരി: എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന് പെരുന്ന ബസ് സ്റ്റാന്‍ഡ്, റെഡ്സ്ക്വയര്‍ ഭാഗങ്ങളിലെ യാത്രക്കാര്‍, വ്യപാര സ്ഥാപനങ്ങള്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ എന്നിവരോട് വോട്ട് അഭ്യര്‍ഥിച്ചു.
ജില്ലാ സെക്രട്ടറി എ. മനോജ്, മണ്ഡലം പ്രസിഡന്റ് ഗോപന് മണിമുറി, അനില്‍ ബാബു, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
ജോബ് മൈക്കിളിനായി മുഖ്യമന്ത്രി ഇന്നെത്തും
ചങ്ങനാശേരി: എല്‍ഡിഎഫ് ചങ്ങനാശേരി നിയോജകമണ്ഡലം സ്ഥാനാര്‍ഥി ജോബ് മൈക്കിളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു വൈകുന്നേരം നാലിന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രസംഗിക്കും. സ്ഥാനാര്‍ഥി ജോബ് മൈക്കിള്‍, എല്‍ഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി കെ.സി. ജോസഫും പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പിലും അറിയിച്ചു.
Kerala
കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് മന്ത്രി വി.എൻ. വാസവൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേവസ്വം ബോർഡും സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല.
സുപ്രീംകോടതിയിലെ ബോർഡിന്റെ നിലപാട് സർക്കാരിന്റേതിൽ നിന്ന് ഭിന്നമല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് കോടതി ഈ ഘട്ടത്തിൽ നിലപാട് ചോദിച്ചിട്ടില്ല. കോടതിയുടെ ഇടപെടൽ സംബന്ധിച്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങൾക്കുള്ള മറുപടി സർക്കാർ നൽകിയിട്ടുണ്ട്.
യുവതി പ്രവേശനത്തിൽ കൃത്യമായ മറുപടിയില്ല. സമയമാകുമ്പോൾ അത് വ്യക്തമാക്കാം. സ്വർണകൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ടത് താനാണ്. സർക്കാരാണ് പ്രതികളെ പിടിപ്പിച്ചതെന്നും വാസവൻ പറഞ്ഞു.
District News
കടുത്തുരുത്തി: കടുത്തുരുത്തിയിലെ യൂഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റില്‍ റിട്ടേണിംഗ് ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ മിനി തോമസിനാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. യുഡിഎഫ് നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ് എംപി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ് ഒഴുകയില്‍, ലൂക്കോസ് മാക്കീല്‍, മാഞ്ഞൂര്‍ മോഹന്‍കുമാർ എന്നിവരൊപ്പമുണ്ടായിരുന്നു.
വൈക്കം: വൈക്കം നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി. പ്രദീപും എൻഡിഎ സ്ഥാനാർഥി കെ. അജിത്തും നാമനിർദേശക പത്രിക സമർപ്പിച്ചു. വൈക്കം കച്ചേരിക്കവലയിലെ എൻഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽനിന്നു പ്രവർത്തകരുടെ പ്രകടനത്തോടെ വൈക്കം താലൂക്ക് ഓഫീസിൽ ഇന്നലെ രാവിലെ 11ന് വരണാധികാരി പി.ആർ. അഭിലാഷ് മുൻപാകെ കെ. അജിത്ത് നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.
അജിത്തിന് ബിഎംഎസ് തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, ബിഡിജെഎസ് കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എം.പി. സെൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു മത്തായി, അഡ്വ. അജിത്ത് ബാബു, സുമേഷ് കൊല്ലേരി, പ്രീജു കെ. ശശി, കെ.ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ഇന്നു തലയോലപ്പറമ്പ് പഞ്ചായത്തിലെ വീടുകളിൽ വോട്ട് തേടും.
ഇന്നലെ രാവിലെ 11.30ന് വടക്കേനട ദേവസ്വം ഗ്രൗണ്ടിൽനിന്നു സിപിഐ ഓഫീസിൽ നിന്ന് പ്രകടനമായി വൈക്കം താലൂക്ക് ഓഫീസിലെത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി പി. പ്രദീപ്, വരണാധികാരി പി.ആർ. അഭിലാഷിനു മുമ്പാകെ നാമനിർദേശ പത്രിക സമപ്പിച്ചത്.
സിപിഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ് കുമാർ, എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി. സുഗതൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോൺ വി. ജോസഫ്, എൽഡിഎഫ് നേതാക്കളായ ആർ. സുശീലൻ, ടി.എൻ. രമേശൻ, സി.കെ. ആശ എംഎൽഎ, കെ. ശെൽവരാജ്, അഡ്വ. കെ.കെ. രഞ്ജിത്ത്, ഡോ. സി.എം. കുസുമൻ, എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, പി. ശശിധരൻ, ഏബ്രഹാം പഴയകടവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
District News
കുമരകം: സംസ്ഥാനജലഗതാഗത വകുപ്പിന്റെ ബോട്ടിൽ വേമ്പനാട്ടുകായലിലൂടെ നടത്തിയ യാത്ര ഫ്രഞ്ച് ദമ്പതികൾക്ക് വിസ്മയമായി. കുറഞ്ഞ ചെലവിൽ കായലിലൂടെ ഇത്ര ആനന്ദകരമായി യാത്ര ചെയ്യാൻ ലഭിച്ച അവസരം ഒരിക്കലും മറക്കില്ലെന്ന് മൈക്കിളും ജൂലിയും ബോട്ടു ജീവനക്കാരോട് പറഞ്ഞു.
മുഹമ്മ-മണിയാപറമ്പ് ബോട്ട് സർവീസാണ് വിദേശ വിനോദസഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ചത്. നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഫ്രഞ്ച് സ്വദേശികളായ മൈക്കിൾ ജോണും ഭാര്യ ജൂലിയുമാണ് കായൽ ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഈ സർവീസിനെ പ്രശംസിച്ചത്.
രാവിലെ 11.30ന് മുഹമ്മയിൽ നിന്നാരംഭിച്ച യാത്രയിൽ വേമ്പനാട്ട് കായലിന്റെയും പാതിരാമണൽ ദ്വീപിന്റെയും വിശേഷങ്ങൾ ജീവനക്കാർ ദമ്പതികൾക്ക് വിവരിച്ചു നൽകി. കുമരകം ചീപ്പുങ്കൽ മുതൽ ചെറിയ തോടുകളിലൂടെയുള്ള രണ്ടു മണിക്കൂർ യാത്ര തങ്ങളുടെ ജീവിതത്തിലെ അസുലഭ അനുഭവമാണെന്നും ദമ്പതികൾ പറഞ്ഞു.
മികച്ച യാത്രാസൗകര്യം ഒരുക്കിയ ജലഗതാഗത വകുപ്പിനും ഇവർ നന്ദി അറിയിച്ചു. സ്രാങ്ക് ആദർശ് കുപ്പപ്പുറം, മാസ്റ്റർ മധു, ലാസ്കർമാരായ ബച്ചൻ മുഹമ്മ, മനോജ്, ഡ്രൈവർ ബിജു കണ്ണങ്കര എന്നീ ജീവനക്കാരുടെ സേവനത്തെയും ദമ്പതികൾ പ്രത്യേകം അഭിനന്ദിച്ചു.
Kerala
തിരുവനന്തപുരം: ഏഴു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിൽ പുതിയ അധ്യക്ഷന്മാർ വരും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പുതിയ ഡിസിസി അധ്യക്ഷൻ വരുന്നത്.
ഏഴു ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷൻമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങിയ സാഹചര്യത്തിലാണ് പുതിയ നേതൃത്വം വരുന്നത്. ഇതോടൊപ്പം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു പകരം പുതിയ പ്രസിഡന്റും വന്നേക്കാം.
സണ്ണി ജോസഫ് പേരാവൂരിൽ സ്ഥാനാർഥിയായ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ ചുമതല നൽകുക. എംപിമാരായ ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചിയിൽ യുഡിഎഫ് സ്ഥാനാർഥിയായി. ഷിയാസിനു പകരം പെരുന്പാവൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചേക്കും. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായ എൻ. ശക്തൻ നെയ്യാറ്റിൻകരയിൽ സ്ഥാനാർഥിയാണ്. ഇവിടെ ചെന്പഴന്തി അനിൽ അടക്കം ഒട്ടേറെ പേർ പരിഗണനാപട്ടികയിലുണ്ട്.
പത്തനംതിട്ട ജില്ലാ അധ്യക്ഷനായ സതീഷ് കൊച്ചുപറന്പിലാണ് കോന്നിയിലെ സ്ഥാനാർഥി. യുഡിഫ് കണ്‍വീനർ അടൂർ പ്രകാശ് കൂടി നിർദേശിക്കുന്നയാളാകും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് എത്തുക. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയാണ്.
മലപ്പുറത്തെ വി.എസ്. ജോയ് തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായതോടെ പുതിയ ഡിസിസി അധ്യക്ഷനായി ചർച്ചകൾ സജീവമായി. പാലക്കാട് ഡിസിസി പ്രസിഡന്റ് ടി. തങ്കപ്പൻ നെന്മാറയിൽ യുഡിഎഫ് സ്ഥാനാർഥിയായി. തങ്കപ്പനു പകരം പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ അധ്യക്ഷന്റെ പ്രഖ്യാപനവും വൈകാതെയുണ്ടാകും. കോഴിക്കോട് ഡിസിസിപ്രസിഡന്റ് കെ. പ്രവീണ്‍കുമാറും മത്സരരംഗത്താണ്.
District News
അരുവിത്തുറ: സെന്റ് ജോർജസ് കോളജിനെ നാടിന്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയപ്പെട്ട റവ.ഡോ. സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അന്തരിച്ചു. 20 വർഷം അരുവിത്തുറ കോളജിന്റെ അധ്യാപകനായും പ്രിൻസിപ്പളായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്രവളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി.
അരുവിത്തുറ കോളജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997ൽ സർക്കാരിന്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ ക്രാന്തദർശനത്തിന്റെ ഉദാഹരണമാണ്.
അരുവിത്തുറ കോളജിന് യുജിസി അംഗീകാരം ലഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഇതോടൊപ്പം എയ്ഡഡ് വിഭാഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും തുടക്കമിട്ടു. അരുവിത്തുറ കോളജിൽ സ്വാശ്രയ വിഭാഗം ആരംഭിച്ച് നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾക്കും അദ്ദേഹം തുടക്കമിട്ടു.
പിന്നീട് ഈ സ്വാശ്രയ വിഭാഗം വളരുകയും ഏതാണ്ട് 15000-ത്തോളം വിദ്യാർഥികൾക്ക് കൂടി പഠന അവസരം ലഭ്യമാക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തിൽ അരുവിത്തുറ കോളജിന് ഒരു വലിയ ഓഡിറ്റോറിയം നിർമിച്ചു. പെൺകുട്ടികൾക്കായി ലേഡീസ് ഹോസ്റ്റൽ ആരംഭിച്ചു.
ഒപ്പം അരുവിത്തുറ കോളജിന് ഒരു മനോഹരമായ കവാടവും ഒരുക്കി. ഏഷ്യയിൽ തന്നെ ആദ്യമായി ക്യാമ്പസിൽ നിന്നും സംപ്രേക്ഷണം ചെയ്യുന്ന ഒരു ടെലിവിഷൻ ചാനലിനും ക്യാമ്പസ് കമ്യൂണിറ്റി ടെലികാസ്റ്റിംഗ് സെന്റർ എന്ന ആശയത്തിനും 15 പഞ്ചായത്തുകളിലെ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ കോർത്തിണക്കി സെന്റ് ജോർജ് കോളജ് കേബിൾ നെറ്റ്വർക്ക് എന്ന ബൃഹത്തായ കേബിൾ ശൃംഖലയ്ക്കും അദ്ദേഹം രൂപം നൽകി.
വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിനും പുരോഗമന ചിന്തയ്ക്കും അച്ചടക്കത്തിനും ഒരേപോലെ പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസ പദ്ധതികളായിരുന്നു അദ്ദേഹം കലാലയത്തിൽ നടപ്പിലാക്കിയത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നാക്ക് അക്രഡിറ്റേഷനിൽ നാല് സ്റ്റാർ പദവി നേടിയ പ്രദേശത്തെ ഏക കലാലയമായിരുന്നു അരുവിത്തുറ കോളജ്.
അരുവിത്തുറ കോളജ് പ്രിൻസിപ്പളായി റവ. ഡോ സെബാസ്റ്റ്യൻ ആലപ്പാട്ട് കുന്നേൽ സേവനമനുഷ്ഠിച്ച കാലയളവ് അരുവിത്തുറ കോളജിന്റെ സുവർണ കാലഘട്ടമായിരുന്നെന്ന് കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് പറഞ്ഞു.
ഒരു വിദ്യാഭ്യാസ വിചക്ഷണൻ എന്നതിനപ്പുറം ആത്മീയതയുടെ ആഴങ്ങൾ ദർശിച്ച പുരോഹിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം. ഇടവക വികാരിയെന്ന നിലയിൽ മേലുകാവുമറ്റം, കൂട്ടിയ്ക്കൽ ളാലം, മരങ്ങാട്ടുപള്ളി, ഇലഞ്ഞി തുടങ്ങിയ ദേവാലയങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1946 ജൂൺ രണ്ടിന് പ്ലാശനാൽ ആലപ്പാട്ടുക്കുന്നേൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം 1972 ജനുവരി അഞ്ചിനാണ് വൈദിക പട്ടം സ്വീകരിച്ചത്. പാലാ കിഴതടിയൂർ സെന്റ് ജോസഫ് ദേവാലയത്തിൽ പാസ്ട്രൽ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് വരികെയാണ് അദ്ദേഹം വിടവാങ്ങിയത്.
നിര്യാണത്തിൽ കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ അനുശോചനം അറിയിച്ചു
സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രണ്ടിന് പനയ്ക്കപ്പാലത്തുള്ള അദ്ദേഹത്തിന്റെ സഹോദരന്റെ ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ ഇടവക ദേവാലയത്തിൽ നടക്കും.
District News
ചങ്ങനാശേരി: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ചങ്ങനാശേരി താലൂക്കിലെ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടലിലേക്ക്. താലൂക്കിലെ പത്തോളം ഏജന്‍സികളില്‍നിന്നായി വിവിധ ഹോട്ടലുകള്‍ക്ക് അയ്യായിരത്തോളം വാണിജ്യ സിലിണ്ടറുകളാണ് വിതരണം ചെയ്തിരുന്നത്. വാണിജ്യ സിലിണ്ടറുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായതോടെ ഏജന്‍സികളും വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, 1550 രൂപയ്ക്ക് ലഭിച്ചിരുന്ന വാണിജ്യ സിലിണ്ടര്‍ 2400 മുതല്‍ 2600 രൂപവരെ നല്‍കിയാണ് ഹോട്ടലുകള്‍ ഇന്നലെ വാങ്ങിയത്. സിലിണ്ടറുകളുടെ ക്ഷാമവും വിലയില്‍ കുത്തനെയുണ്ടായ വര്‍ധനവും ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് ഹോട്ടല്‍ വ്യാപാരികള്‍ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി വാണിജ്യസിലിണ്ടറുകള്‍ നല്‍കാനാണ് പെട്രോളിയം കമ്പനികളുടെ നിര്‍ദേശം. ഇവരുടെ ബുക്കിംഗ് സംബന്ധിച്ച കാര്യങ്ങള്‍ പാചകവാതക ഏന്‍സികള്‍ പെട്രോളിയം കമ്പനിയെ അറിയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിതരണം നടത്താവൂവെന്നും ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാധാരണ ഹോട്ടലുകള്‍ക്ക് ദിനംപ്രതി രണ്ടിനും മൂന്നിനുമിടയില്‍ പാചകവാതക സിലിണ്ടറുകള്‍ വേണ്ടിവരും. ദിനംപ്രതി മൂവായിരം രൂപ അധികമായി നല്‍കിയാണ് മൂന്നു സിലിണ്ടറുകള്‍ സ്വന്തമാക്കുന്നത്. അഞ്ചിലേറേ സിലിണ്ടറുകള്‍ ഹോട്ടലുകളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കടുത്ത വേനലും നോമ്പുകാലവുമായതിനാല് കച്ചവടം പൊതുവേ കുറഞ്ഞ് ഹോട്ടലുകള്‍ നഷ്ടത്തില്‍ നീങ്ങുന്ന സാഹചര്യത്തിലാണ് പാചകവാതക ക്ഷാമം ഹോട്ടല്‍ വ്യാപാരത്തിന് ഇരുട്ടടിയായത്.
ബുക്കിംഗ് 25 ദിവസത്തിനുശേഷം
പാചകവാതക വിതരണത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു നിലവില്‍ പ്രതിസന്ധിയുണ്ടായിട്ടില്ല. പാചവാതക ഉപഭോക്താക്കള്‍ക്ക് കെവൈസിയും മസ്റ്ററിംഗും നിര്‍ബന്ധമാക്കിട്ടുണ്ട്. പാചകവാതക ഏജന്‍സി വഴിയോ സ്മാര്‍ട്ട് ഫോണ്‍ വഴി ആധാറുമായി ബന്ധിപ്പിച്ചോ മസ്റ്ററിംഗ് നടത്താനാകും. ഈ വിഷയത്തെക്കുറിച്ച് അറവിവില്ലാത്തവര്ക്ക് അവരവരുടെ ഏജന്‍സി ഓഫീസുകളില്‍ നേരിട്ടെത്തി മനസിലാക്കാവുന്നതാണ്.
ഒരു സിലിണ്ടര്‍ കൈപ്പറ്റി 25 ദിവസം കഴിഞ്ഞവര്‍ക്കുമാത്രമേ പാചകവാതകത്തിനായി ബുക്കു ചെയ്യാനാകൂ എന്ന നിബന്ധനയും നിലവില്‍വന്നിട്ടുണ്ട്. അതേസമയം, ബുക്കിംഗ് സെര്‍വറുകളിലും തകരാറുകള്‍ നേരിട്ടതായി ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഹോട്ടല്‍ കിച്ചണ്‍ നേരത്തെ അടയ്ക്കേണ്ടി വരും
ഹോട്ടല്‍ വ്യവസായം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി പാചകവാതക ക്ഷാമം നേരിട്ടത്. കച്ചവടം നന്നേ കുറവാണ്. ദിനംപ്രതി മൂന്നു സിലിണ്ടറുകള്‍ക്ക് ആയിരത്തിലധികം രൂപ അധികം നല്കി വാങ്ങേണ്ടി വരുന്നു. ഈ അവസ്ഥയില്‍ കിച്ചണ്‍ നേരത്തേ അടയ്ക്കേണ്ടി വരും.
രാജേഷ് ജോസഫ്
ഹോട്ടല്‍ ആര്ക്കാലിയ
ചങ്ങനാശേരി
District News
പെരുവ: വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ യന്ത്രമില്ലാതെ കര്‍ഷകര്‍ ദുരിതത്തിൽ.15 വര്‍ഷത്തിലേറേയായി കട്ടപ്പുറത്തിരിക്കുന്ന കൊയ്ത്തുമെതിയന്ത്രം നന്നാക്കാന്‍ നടപടി സ്വീകരിക്കാതെ പഞ്ചായത്തും കൃഷി വകുപ്പും. 15 വര്‍ഷം മുമ്പ് 25 ലക്ഷം രൂപ മുടക്കി മുളക്കുളം പഞ്ചായത്ത് വാങ്ങിയ കൊയ്ത്തുമെതി യന്ത്രമാണ് വര്‍ഷങ്ങളായി കട്ടപ്പുറത്തിരിക്കുന്നത്.
ഏക്കര്‍ കണക്കിന് പാടത്തെ നെല്ലാണ് വിളഞ്ഞുകിടക്കുന്നത്. സ്വകാര്യ കൊയ്ത്ത് യന്ത്രത്തിന് അമിത വാടകയാണ് ആവശ്യപ്പെടുന്നത്.പെരുവ: വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ യന്ത്രമില്ലാതെ കര്‍ഷകര്‍ ദുരിതത്തിൽ.15 വര്‍ഷത്തിലേറേയായി കട്ടപ്പുറത്തിരിക്കുന്ന കൊയ്ത്തുമെതിയന്ത്രം നന്നാക്കാന്‍ നടപടി സ്വീകരിക്കാതെ പഞ്ചായത്തും കൃഷി വകുപ്പും. 15 വര്‍ഷം മുമ്പ് 25 ലക്ഷം രൂപ മുടക്കി മുളക്കുളം പഞ്ചായത്ത് വാങ്ങിയ കൊയ്ത്തുമെതി യന്ത്രമാണ് വര്‍ഷങ്ങളായി കട്ടപ്പുറത്തിരിക്കുന്നത്. ഏക്കര്‍ കണക്കിന് പാടത്തെ നെല്ലാണ് വിളഞ്ഞുകിടക്കുന്നത്.
സ്വകാര്യ കൊയ്ത്ത് യന്ത്രത്തിന് അമിത വാടകയാണ് ആവശ്യപ്പെടുന്നത്.നിസാര തകരാറുമായി കട്ടപ്പുറത്തിരിക്കുന്ന യന്ത്രം നന്നാക്കാത്തത് സ്വകാര്യ കൊയ്ത്തുയന്ത്ര ഉടമകളെ സഹായിക്കാനാണെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. മാറിവരുന്ന ഭരണകര്‍ത്താക്കളോട് കര്‍ഷകര്‍ ആവശ്യപ്പെടുന്നെങ്കിലും ഇപ്പോള്‍ ശരിയാക്കാമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഭരണകര്‍ത്താക്കള്‍ സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കഴിഞ്ഞവര്‍ഷവും കര്‍ഷകര്‍ യന്ത്രം ആവശ്യപ്പെട്ടു കൃഷി ഓഫീസറെയും പഞ്ചായത്ത് സെക്രട്ടറിയെയും സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. യന്ത്രത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി പഞ്ചായത്ത് സെക്രട്ടറിയും കൃഷി ഓഫീസറും പരസ്പരമുള്ള പഴിചാരല്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. രണ്ടാഴ്ചകള്‍ക്കു ശേഷം ബാക്കി കൊയ്ത്ത് ആരംഭിക്കാനിരിക്കെ യന്ത്രത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ തയാറാകണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
സ്വകാര്യ കൊയ്ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചും ഇതര സംസ്ഥാനക്കാരെകൊണ്ടും കൊയ്യുമ്പോള്‍ ആയിരക്കണക്കിനു രൂപയാണു കര്‍ഷകര്‍ക്ക് അധികമായി ചെലവാകുന്നത്. തകരാറിലായ കൊയ്ത്തു യന്ത്രം നന്നാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
.
District News
ചക്കാമ്പുഴ: പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നായ ചക്കാമ്പുഴ സർക്കാർ യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ആഘോഷങ്ങളുടെ ഉദ്ഘാടനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം നിർവഹിച്ചു. വാർഡ് മെമ്പർ ആൻ മരിയ ജോസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിറ്റി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീനസ് നാഥ്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ, വാർഡ് മെബർ സൗമ്യ സേവ്യർ, രാമപുരം എഇഒ ജോളിമോൾ ഐസക്, രാമപുരം ബിപിസി ജോഷി കുര്യൻ, എസ്ബിഐ ചക്കാമ്പുഴ ബ്രാഞ്ച് മാനേജർ ലക്ഷ്മി ആർ. നായർ, കരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ എൻ. സുരേഷ്, വത്സമ്മ തങ്കച്ചൻ, പുതിയ പ്രസിഡന്റ് എം.ജി. ബിജു, പൂർവ വിദ്യാർഥി പ്രതിനിധികളായ പി.പി. മാധവ കൈമൾ, ഗിരീഷ് കൃഷ്ണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ജിൻസി എബ്രഹാം, സീനിയർ അസിസ്റ്റന്റ് ആർ. അനുപമ, സീനിയർ ടീച്ചർ എം.ആർ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ സ്കൂളിന്റെ ആരംഭത്തിനായി വിലപ്പെട്ട സംഭാവനകൾ നൽകിയവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു.
District News
അരുവിത്തുറ: കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും വിമൺസെല്ലിന്റെയും കോട്ടയം ജില്ല ഹരിത മിഷന്റെയും ആഭിമുഖ്യത്തിൽ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ആർത്തവ ശുചിത്വ ബോധവത്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ഉപാധ്യക്ഷ ഫാത്തിമ അൻസർ നിർവഹിച്ചു. കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.
ബര്‍സാര്‍ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, വിമൻസ് സെൽ കോഓർഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ബോധവത്കരണ പരിപാടിയിൽ ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർമാരായ വിഷ്ണുപ്രസാദ്, അഞ്ജു ജെയിംസ്, ജയ്ന ജെയിംസ്, ജ്യോതി ലക്ഷ്മി തുടങ്ങിയവർ ക്ലാസ് നയിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ്, കോളജ് വിമൻസ് സെൽ കൺവീനേഴ്സായ ഡോ. അനു തോമസ്, നാൻസി വി. ജോർജ് എന്നിവർ നേതൃത്വം നൽകി.
District News
ഏറ്റുമാനൂർ: മത്സ്യമാർക്കറ്റിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന് ഏറ്റുമാനൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. നഗരസഭാ ആസ്ഥാനത്തോട് ചേർന്നുകിടക്കുന്ന മത്സ്യമാർക്കറ്റിൽനിന്നും വരുന്ന മലിനജലം ഏറ്റുമാനൂർ പട്ടണവും പരിസരവുമാകെ മലിനീകരിക്കുകയാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണുവാൻ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എത്രയും വേഗം സ്ഥാപിക്കണം.
ഇതിന് ഏകദേശം 40 ലക്ഷം രൂപ ചെലവു വരും. പ്ലാന്റിനായി ശുചിത്വമിഷനിൽ നിന്നും 60 ശതമാനം മുതൽ 70 ശതമാനം വരെ തുക ലഭിക്കും. മാർക്കറ്റിൽ ഇപ്പോഴുള്ള സ്ഥലം പ്ലാന്റിനായി നഗരസഭ വിട്ടുകൊടുക്കണമെന്ന് ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് ആവശ്യപ്പെട്ടു.
വൈക്കം റോഡിൽ ഏറ്റുമാനൂരപ്പൻ ബസ്ബേയോടു ചേർന്ന് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ടോയ്ലറ്റും വിശ്രമമുറിയും സ്ഥാപിക്കണമെന്നും ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ബസ്ബേയോടു ചേർന്നു കിടക്കുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലാണ്. കെഎസ്ടിപി ഫണ്ട് ഉപയോഗിച്ച് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കണം. ടോയ്ലറ്റും വിശ്രമമുറിയും നിർമിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായവും ലഭിക്കും. പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ആശയവിനിമയം നടത്തി പദ്ധതി നടപ്പാക്കാൻ നഗരസഭ മുൻകൈയെടുക്കണം.
അതിരമ്പുഴ റോഡിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് സഞ്ചാരയോഗ്യമാക്കുക, ഹാസ്യസമ്രാട്ട് എസ്.പി. പിള്ളയുടെ നാമധേയത്തിൽ ചിറക്കുളത്തിനു സമീപം കുട്ടികൾക്കും വയോജനങ്ങൾക്കും വിശ്രമിക്കുന്നതിന് മുൻസിപ്പൽ പാർക്ക് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ജനകീയ വികസന സമിതി ഉന്നയിച്ചു.
District News
മാര്‍ക്കറ്റ് നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍
ചങ്ങനാശേരി: ചങ്ങനാശേരിയിലും സമീപപഞ്ചായത്തുകളിലും ശുദ്ധജലക്ഷാമം രൂക്ഷം. ശുദ്ധജലക്ഷാമത്തില്‍ നഗരം നട്ടംതിരിയുന്നു. കൃത്യമായ അനുപാതത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലം എത്തിയിട്ട് പത്തുദിവസങ്ങള്‍ പിന്നിട്ടെന്നാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പൈപ്പ് വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. പല വീടുകളിലും വെള്ളം വിലകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്.
ചങ്ങനാശേരി മാര്‍ക്കറ്റ്, പണ്ടകശാലക്കടവ്, ബോട്ട്ജെട്ടി, കാക്കാംതോട്, മണലോടിച്ചിറ, പോത്തോട് ഭാഗങ്ങളിലാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്. നഗരസഭ ഒന്നാം വാര്‍ഡില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഉന്നതി ഏരിയായിലും രണ്ടാം വാര്‍ഡിലെ ആത്തക്കുന്ന്, പരുത്തിക്കാട്ടുകളം, 36-ാംവാര്‍ഡില്‍പ്പെട്ട കോയിപ്രം സ്കൂള്‍ പരിസരങ്ങള്‍ തുടങ്ങിയ ഭാഗങ്ങളിലുമാണ് ശുദ്ധജലക്ഷാമം നേരിടുന്നത്.
തിരുവല്ല കല്ലിശേരിയില്നിന്നും വെള്ളം പമ്പു ചെയ്ത് തിരുവല്ലയിലെത്തിച്ച് അവിടെനിന്നു ചങ്ങനാശേരി ചെറുകരക്കുന്നിലെത്തിച്ചാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ജലവിതരണം നടത്തുന്നത്. തിരുവല്ലയില്‍നിന്ന് ചങ്ങനാശേരിക്ക് അര്‍ഹമായ വെള്ളം പമ്പുചെയ്യാനാകുന്നില്ലെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
District News
ചങ്ങനാശേരി: ആധുനികരീതിയില്‍ നവീകരിച്ച ചങ്ങനാശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിച്ചു. ജില്ലയിലെ ഏറ്റവും മികച്ച കളിക്കളമാണ് ചങ്ങനാശേരിയിലേതെന്ന് മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയില്‍ 150 കോടി രൂപ മുടക്കി 25 സ്റ്റേഡിയങ്ങളില്‍ അഞ്ചുവര്‍ഷത്തിനിടെ നവീകരിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബീന ജോബി, പി.എ. നസീര്‍, രേഖ ശിവകുമാര്‍, അജിത സലാം, സ്റ്റേഡിയം ക്ലബ് പ്രസിഡന്റ് പി.വി. വിജയന്, കെ.ഡി. സുഗതന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന കായികവകുപ്പ് അനുവദിച്ച 5.25 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. 109 മീറ്റര്‍ നീളവും 69 മീറ്റര്‍ വീതിയുമുള്ള ഗ്രൗണ്ടില്‍ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സ്റ്റേഡിയം പരിപാലനത്തിന് കമ്മിറ്റി വേണം
മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ തുടർപരിപാലനത്തിനായി സ്റ്റേഡിയം ഉപയോഗിക്കുന്നവരെ ചേർത്തു നഗരസഭ സ്റ്റേഡിയം ഡെവലപ്മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്ന് കരുതുന്നു. പരിപാലനമില്ലാതായാൽ ഗ്രൗണ്ട് നശിക്കും.
ജോബ് മൈക്കിൾ എംഎൽഎ
നഗരസഭയെ അവഗണിച്ചു, യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു
ചങ്ങനാശേരി: നിര്‍മാണം പൂര്‍ത്തിയാക്കിയ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് നഗരസഭാ ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും അവഗണിച്ചതില്‍ പ്രതിഷേധിച്ചു സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചു.
മുന്‍ എംഎല്‍എ സി.എഫ്. തോമസിന്റെ ആസ്തി വികസന ഫണ്ടില്‍നിന്നു രണ്ടു കോടി രൂപയും മുന്‍ സര്‍ക്കാര്‍ കായികവകുപ്പില്‍ നിന്നനുവദിച്ച തുകയും ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
26ന് ഉദ്ഘാടനം നടക്കുമെന്നാണ് നഗരസഭാ കൗണ്‍സിലിന് അറിയിപ്പ് ലഭിച്ചത്. ഇതുസംബന്ധിച്ച് കൗണ്‍സില്‍ യോഗം ചേരുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍, തീയതി മാറ്റിയതോ പരിപാടി സംബന്ധിച്ചോ യാതൊരുവിധ കൂടിയാലോചനകളോ അറിയിപ്പോ ലഭിക്കാതിരുന്നതില്‍ ശക്തമായ പ്രതിഷേധവും യോഗത്തില്‍ രേഖപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചതെന്ന് നഗരസഭാ ഭരണസമിതി അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍മാനെ മുഖ്യാതിഥിയായാണ് ക്ഷണിച്ചിരിക്കുന്നത്. നഗരസഭയുടെ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം ആശംസിക്കേണ്ട ചുമതലയാണ് ചെയര്‍മാനുള്ളത്. വാര്‍ഡ് കൗണ്‍സിലറെയാണ് ചടങ്ങില്‍ സ്വാഗതത്തിനു നിയോഗിച്ചത്. എംഎല്‍എ കാട്ടിയത് നീതികേടാണെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആരോപിച്ചു.
ചെയര്മാന് ജോമി ജോസഫ്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും വൈസ് ചെയര്‍പേഴ്സണുമായ കെ.എം. നെജിയ, സന്തോഷ് ആന്റണി, സിയാദ് അബ്ദുറഹിമാൻ, ഷൈനി ഷാജി, അംബിക വിജയന്, മാര്ട്ടിന് സ്കറിയ, എസ്.എച്ച്. ആര്യമോള്, ജിനിമോള്‍ ഷാജി, ശോഭന വിശ്വംഭരന്, ഷെമി ബഷീര്‍, സബീന നിഷാദ് എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: കെസിഎസ്എല്‍ ചങ്ങനാശേരി അതിരൂപതാ സമിതിയുടെ 2026-29 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സന്ദേശനിലയം ഓഡിറ്റോറിയത്തില്‍ നടത്തി. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ജോബി ആന്റണി മൂലയില്‍ വരണാധികാരിയായിരുന്നു. അതിരൂപതാ പ്രസിഡന്റായി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബിനു കുര്യാക്കോസ്, വൈസ് പ്രസിഡന്റുമാരായി എല്‍പി വിഭാഗം അഞ്ജന സെബാസ്റ്റ്യന്‍ (സെന്റ് ജോസഫ്, ചങ്ങനാശേരി),
യുപി വിഭാഗം ജേക്കബ് ജോണ്‍ (സെന്റ് മേരീസ് കൂത്രപ്പള്ളി), ഹൈസ്കൂള്‍ വിഭാഗം എബി ടോം സിബി (സെന്റ് മേരീസ് എടത്വ), ഹയര്‍ സെക്കന്‍ഡറി വിഭാഗം ടോം ചാക്കോ (എസ്ബി ചങ്ങനാശേരി), ജനറല്‍ ഓര്‍ഗനൈസറായി സിസ്റ്റര്‍ മെറിന് മൂന്നാറ്റിന്‍മുഖം എസ്എബിഎസ് (സെന്റ് തെരേസാസ് വാഴപ്പള്ളി), ജോയിന്റ് ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ഷാര്‍ലറ്റ് എസ്എച്ച് (സെന്റ് ആന്‍സ് ചങ്ങനാശേരി), ട്രഷറര്‍ മനോജ് ചാക്കോ (സെന്റ് ജോര്‍ജ് മണിമല) എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി ജിജോമോന് തോമസ് (സെന്റ് ആന്‍സ് ചങ്ങനാശേരി), സജിന്‍ എന്‍. (സെന്റ് തെരേസാസ് വാഴപ്പള്ളി), സിസ്റ്റര്‍ ചൈതന്യ സിഎംസി (സെന്റ് സേവ്യേഴ്സ് മിത്രക്കരി), സബീഷ് നെടുംപറമ്പില്‍ (സെന്റ് ആന്‍സ് ചങ്ങനാശേരി), സിസ്റ്റര്‍ റോസ്ബെല്ലാ വടകര എസ്എബിഎസ് (സെന്റ് തെരേസാസ് വാഴപ്പള്ളി), അല്‍ഫോന്‍സാ ജോസഫ് (എസ്എച്ച് സ്കൂള്‍ ചങ്ങനാശേരി)എന്നിവരേ യും ജീസസ് കിഡ്സ് കോ-ഓര്‍ഡിനേറ്ററായി ടിന്റു ആന്‍ തോമസി (അമലോത്ഭവ സ്കൂള്‍, പുളിങ്കുന്ന്) നെയും തെരഞ്ഞെടുത്തു.
പുതിയ അതിരൂപതാ ഡയറക്ടറായി ഫാ. ജേക്കബ് കളത്തിവീട്ടിലിനെ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിയമിച്ചു.
District News
കറുകച്ചാല്‍: നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും വളവുകളിലെ ന്യൂനതകള്‍ പരിഹരിക്കാത്തതിനെ തുടര്‍ന്ന് കറുകച്ചാല്‍-മണിമല റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായി പരാതി. കടയനിക്കാട് പള്ളിപ്പടി മുതല്‍ അമ്പലപ്പടി വരെയുള്ള ഭാഗത്ത് അപകടങ്ങള്‍ പതിവായിരിക്കുകയാണ്. റോഡ് വികസിപ്പിച്ചപ്പോൾ വളവുകളുടെ വീതി വര്‍ധിപ്പിക്കുകയോ ദൃശ്യമാനം മെച്ചപ്പെടുത്തുകയോ ചെയ്തില്ലെന്നതാണ് നാട്ടുകാരുടെ ആരോപണം.
കടയനിക്കാട്ടെ കൊടുംവളവ് ഏറെ അപകടസാധ്യതയുള്ളതായിട്ടും അവിടെ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഈ വളവിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ പലപ്പോഴും നിയന്ത്രണം നഷ്ടമായി എതിര്‍ദിശയിലേക്ക് നീങ്ങുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. കറുകച്ചാൽ-മണിമല റോഡിലേക്ക് ചാമംപതാല്‍-കടയനിക്കാട് റോഡ് ചേരുന്ന ഭാഗവും അപകടഭീഷണി നിറഞ്ഞതാണ്. കറുകച്ചാല്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വലതുഭാഗം ചേര്‍ന്നു സഞ്ചരിക്കുന്നതിനാൽ ചാമംപതാല്‍ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. റോഡിന്റെ വീതി താരതമ്യേന കുറവായതിനാല്‍ ചെറിയ പിഴവുകള്‍പോലും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്ന് അപകടങ്ങള്‍ ഈ ഭാഗത്തു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കാറപകടത്തില്‍ ഒരാള്‍ മരണമടഞ്ഞു. ഏറ്റവും ഒടുവില്‍ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ കടയനിക്കാട് അഞ്ചാനി സ്വദേശികളായ കാര്‍ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പട്ടു. ദിശതെറ്റിയെത്തിയ മിനിലോറി കാറില്‍ ഇടിക്കുകയായിരുന്നു. കൊടുംവളവുകളില്പോലും നടത്തുന്ന ഓവര്‍ടേക്കിംഗ് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വളവ് പൂര്‍ണമായി പിന്നിടുന്നതിന് മുന്‍പേ ചിലര്‍ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്ക് ഇടയാക്കുന്നു. ഇടതുവശത്തുകൂടി പോകേണ്ട വാഹനങ്ങള്‍ വലതുവശത്തേക്ക് നീങ്ങുന്നതും അപകടസാധ്യത കൂട്ടുന്നു.
കടയനിക്കാട് അമ്പലപ്പടിക്കും ചാമംപതാല്‍ റോഡ് ആരംഭിക്കുന്ന ഭാഗത്തിനും ഇടയില്‍ വേഗനിയന്ത്രണ ഉപാധികള്‍, പ്രത്യേകിച്ച് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്നും വ്യക്തമായ റോഡ് മാര്‍ക്കിംഗും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
അപകടവളവുകള്‍ ശാസ്ത്രീയമായി പരിഷ്കരിച്ചു ട്രാഫിക് നിയന്ത്രണം ശക്തമാക്കിയാല്‍ മാത്രമേ ഈ ഭാഗത്തെ അപകടപരമ്പരയ്ക്ക് അറുതിയാകൂവെന്നതാണ് വിലയിരുത്തല്‍.
District News
എരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്ക് സർക്കാർ ഏറ്റെടുത്തതായി പ്രഖ്യാപിച്ച സ്ഥലങ്ങളുടെ സ്ഥലമെടുപ്പ് നടപടികൾക്ക് ഇനി സ്പെഷൽ തഹസിൽദാരടക്കം 24 പുതിയ തസ്തികകൾ. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലുണ്ടായ തീരുമാനം നാടിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.
നേരത്തേ സ്ഥലം ഏറ്റെടുത്ത് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതാണ്. എന്നാൽ, ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനായിട്ടില്ല. ഇതിന് മുമ്പ് നടത്തേണ്ട സ്ഥലങ്ങളുടെ അളവ് നിർണയമാണ് പൂർത്തിയാക്കിയത്. എന്നാൽ, ചെറുവള്ളി എസ്റ്റേറ്റ് അളന്ന് നിർണയിക്കാൻ കഴിഞ്ഞില്ല. ഏറ്റെടുത്ത മറ്റ് മുഴുവൻ സ്വകാര്യ ഭൂമിയും സർവേ നടത്തി നിർണയിച്ചിരുന്നു. എന്നാൽ, എസ്റ്റേറ്റ് ഭൂമി കൂടാതെ കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ സർക്കാരിന് തിരിച്ചടിയായി മാറിയിരുന്നു.
കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോടതിയിൽ വ്യക്തത വരുത്തുന്നതിനുള്ള നടപടികൾ ഇതോടെ സർക്കാർ തലത്തിൽ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലമെടുപ്പ് നടപടികൾ നടത്താൻ സ്പെഷൽ തഹസിൽദാരടക്കം 24 പുതിയ തസ്തികകൾ രൂപീകരിക്കാൻ ഇപ്പോൾ മന്ത്രിസഭ തീരുമാനമെടുത്ത് അനുമതി നൽകിയിരിക്കുന്നത്. ഏറ്റെടുത്ത സ്ഥലങ്ങളുടെ മൂല്യനിർണയവും 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരവും പുനരധിവാസവും അടക്കം പാക്കേജ് തയാറാക്കലും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ചെയ്തു തീർക്കേണ്ടതുണ്ട്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ നടപടികൾ നിർത്തിവയ്ക്കേണ്ടി വരുമോ എന്ന് ആശങ്കയുണ്ട്. ഒപ്പം കോടതിയിൽ സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച് ഇനിയും നിയമപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ള സംശയവുമുണ്ട്.
സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് 11 തസ്തികകള്‍ പുതിയതായി റവന്യു വകുപ്പിലും 13 തസ്തികകള്‍ ദിവസവേതനാടിസ്ഥാനത്തിലും സൃഷ്ടിക്കാനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി പുതിയ സ്പെഷൽ തഹസിൽദാർ, എൽഎ യൂണിറ്റ് രൂപീകരിക്കുന്നത് ഒരു വർഷത്തേക്കാണ്. ഈ കാലാവധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
District News
കടുത്തുരുത്തി: കാലങ്ങളായി മാത്താംകരി പാടശേഖരത്തിലെ പുറംബണ്ടില്‍ താമസിക്കുന്ന പത്തു കുടുംബങ്ങളുടെയും കര്‍ഷകരുടെയും യാത്രാക്ലേശത്തിന് പരിഹാരം വേണമെന്ന ആവശ്യം ശക്തം. കടുത്തുരുത്തി പഞ്ചായത്തിലെ 16-ാം വാര്‍ഡായ എഴുമാന്തുരുത്തില്പ്പെട്ട നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്. 125 ഏക്കര്‍ വരുന്ന പാടശേഖരമാണ് മാത്താംകരി. വീപ്പത്തോണിയിലൂടെ മാത്താംകരി-കാളത്തോടിനു മറുകരയെത്തി വേണം ഇവര്‍ക്കു പുറംലോകവുമായി ബന്ധപ്പെടാന്‍. മറുകരയെത്തി എഴുമാന്തുരുത്ത് കിഴക്കേപ്പുറം പാടശേഖരത്തിന്റെ ബണ്ടിലൂടെ അര കിലോമീറ്റര്‍ സഞ്ചരിച്ചുവേണം പ്രധാന റോഡിലേക്കെത്താന്‍.
ഒരു വശത്തെക്കു പോയാല്‍ എഴുമാന്തുരുത്ത് ഷാപ്പുപടിയിലേക്കും മറുവശത്തേക്കു പോയാല്‍ പുലിത്തുരുത്ത് ചാലിത്രക്കടവ് ഭാഗത്തേക്കും എത്താനാകും. കുട്ടികൾക്ക് സ്കൂളില്‍ പോകണമെങ്കില്‍ മറുകരയെത്താന്‍ ഈ വീപ്പത്തോണി മാത്രമാണ് ആശ്രയം. ഇവിടെയുള്ള താമസക്കാര്‍ ചേര്‍ന്നാണ് വീപ്പത്തോണി നിര്‍മിച്ചത്. പത്തു വര്‍ഷം മുമ്പുവരെ യാത്രയ്ക്കായി ഇവിടെ പഞ്ചായത്തുവക കടത്തുവള്ളം ഉണ്ടായിരുന്നു. പിന്നീടത് നിന്നുപോകുകയായിരുന്നു.
മാത്താംകരിയുടെ വടക്കുഭാഗത്ത് തൊട്ടിപ്പറമ്പ് തോടും കിഴക്കുഭാഗത്ത് കാരക്കല്തോടും മറ്റൊരുഭാഗത്ത് പുലിത്തുരുത്ത് തോടുമാണുള്ളത്. പാടവരമ്പത്തു കൂടെ രണ്ടു കീലോമീറ്ററോളം സഞ്ചരിച്ചാല്‍ കാല്‍നടയായി ഇവര്‍ക്ക് മധുരവേലി-എഴുമാന്തുരുത്ത് റോഡിലെ തുരുത്ത് ഭാഗത്തേക്ക് എത്താനാകും.
ഇവിടെയുള്ള ബണ്ട് മാത്രമാണ് പുറംലോകവുമായി മാത്താംകരിയെ നേരിട്ട് ബന്ധിപ്പിക്കുന്നുള്ളൂ. എന്നാല്‍, ഇതുവഴിയുള്ള സഞ്ചാരം കൃഷി നടക്കുന്ന കാലത്ത് പാടശേഖരത്തിന്റെ വരമ്പില്‍ക്കൂടി മാത്രമേ സാധ്യമാകൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മാത്താംകരി പാടശേഖരത്തേക്കു നെല്‍ക്കൃഷിക്കായി വിത്തും വളവുമെല്ലാമായി ഭൂരിഭാഗം കര്‍ഷകരും വീപ്പത്തോണിയുള്ള ഭാഗത്തുകൂടിയാണ് സഞ്ചരിക്കുന്നത്. മാത്താംകരിയിലേക്കു റോഡും പാലവും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും നിവേദനം നല്‍കിയതായി പഞ്ചായത്തംഗം പി.ഡി. ബാബു പറഞ്ഞു.
District News
കടുത്തുരുത്തി; തടി കയറ്റിവന്ന പിക്കപ്പിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. മീറ്ററുകളോളം ടയറില്ലാതെ മുന്നോട്ട് ഓടിയ പിക്കപ്പ് അപകടത്തില്‍പ്പെടാതെ നിന്നു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ വൈകൂന്നേരം 3.30ന് കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനിലാണ് അപകടം. ആപ്പാഞ്ചിറ ഭാഗത്തുനിന്നു മുട്ടുചിറ ഭാഗത്തേക്കു തടിയുമായി പോകുകയായിരുന്ന പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്.
വാഹനത്തിന്റെ പിറകുവശത്തെ ടയറാണ് ഊരിത്തെറിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലും മുന്നില്‍ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി. വാഹനത്തില്‍ തൊഴിലാളികളും ഉണ്ടായിരുന്നു.
അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ തടി കയറ്റിയ ശേഷം അപകടത്തില്‍പ്പെട്ട വാഹനം റോഡില്‍നിന്നു നീക്കുകയായിരുന്നു.
District News
വൈക്കം: കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായുള്ള ഡോക്ർമാരുടെ വിദഗ്ധസംഘത്തിലെ അംഗവുമായിരുന്ന ഡോ. കുമാർ ബാഹുലേയൻ നൂറാം ജന്മദിന നിറവിൽ. ജീവിതത്തിന്റെ നല്ലൊരുപങ്ക് വിദേശത്ത് ഔദ്യോഗിക ജീവിതത്തിൽ മുഴുകിയിരുന്ന ഡോ. കുമാർ ബാഹുലേയൻ നാട്ടിലുള്ളവർക്ക് കുറഞ്ഞ നിരക്കിൽ വിദഗ്ധ ചികിൽസ ലഭിക്കണമെന്ന ലക്ഷ്യത്തോടെ അവികസിതപ്രദേശമായിരുന്ന ചെമ്മനാകരിയിൽ ഇൻഡോ അമേരിക്കൻ ബ്രെയിൻ ആൻഡ് സ്പൈൻ സെന്റർ സ്ഥാപിച്ചതോടെ ചെമ്മനാകരി ലോകപ്രശസ്തമായി.
സ്വന്തം നാട്ടുകാർക്കായി ഗതാഗതയോഗ്യമായ വഴിയൊരുക്കി. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ നാടിന്റെ പുരോഗതിക്കായി നിലകൊണ്ട പ്രിയപ്പെട്ട ഡോക്ടറുടെ നൂറാം ജന്മദിനം നാടിന്റെയാകെ ആഘോഷമായി മാറുകയാണ്.
ഉദയനാപുരത്തെ അക്കരപ്പാടമെന്ന അവികസിത പ്രദേശത്തെ സാധാരണ കുടുംബത്തിൽ 1925 മാർച്ച് അഞ്ചിന് കളത്തിൽ കുമാരൻ - ജാനകി ദമ്പതികളുടെ മകനായി ജനിച്ച ഡോ. ബാഹുലേയൻ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ് ലോകമറിയുന്ന ന്യൂറോ സർജനായി മാറിയത്. കുട്ടിക്കാലത്ത് രണ്ടു സഹോദരങ്ങൾ ചികിത്സകിട്ടാതെ മരിച്ചതിന്റെ തീരാനോവാണ് അവികസിതപ്രദേശമായ ചെമ്മനാകരിയിൽ ഇൻഡോ അമേരിക്കൻ ബ്രെയിൻ ആൻഡ് സ്പൈൻ സെന്റർ സ്ഥാപിക്കാൻ ഡോ. ബാഹുലേയനെ പ്രേരിപ്പിച്ചത്.
ചെമ്മനാകരിയിലെയും വൈക്കത്തെയും ആശുപത്രികൾക്കു പുറമേ നഴ്സിംഗ് കോളജ്, ഫിസിയോ തെറാപ്പി കോളജ് എന്നിവയും ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. നൂറിന്റെ നിറവിലും നാടിനെയും നാട്ടുകാരെയും അളവറ്റ് സ്നേഹിക്കുന്ന ഡോ. കുമാർ ബാഹുലേയന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി നാടും പ്രാർഥനാനിരതമാകുയാണ്.
District News
വൈക്കം: നൂറ്റാണ്ട് പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി തനിമ നിലനിർത്തി പുനർനിർമിക്കുന്ന പ്രവർത്തങ്ങൾ അവസാനഘട്ടത്തിൽ. ജീർണിച്ച മേൽക്കൂരയും തടി പാകിയ ഭിത്തികളും പുതുക്കിപ്പണിതു. പെയിന്റിംഗ് ജോലികളും ഉയർത്തിപ്പണിത തറയിൽ ടൈൽ പാകലുമാണ് ഇപ്പോൾ നടക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം പണികൾ പൂർത്തീകരിച്ച് ബോട്ട്ജെട്ടി ഉദ്ഘാടനത്തിന് സജ്ജമാകും.
കാലപ്പഴക്കത്താൽ പഴയ ബോട്ടുജെട്ടി ചോർന്നൊലിക്കുന്ന നിലയിലായിരുന്നു. രാജഭരണകാലത്തെ ശംഖുമുദ്രയുടെ ഗരിമപേറുന്ന ജെട്ടി തനിമ നിലനിർത്തി പുനർനിർമിച്ച് ചരിത്രസ്മാരകമാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് സംസ്ഥാന സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായതിനെത്തുടർന്ന് രണ്ടാം ഘട്ടമായി അനുവദിച്ച 25 ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ അന്തിമഘട്ടത്തിലായത്. വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുക്കാനായി മഹാത്മജി വന്നിറങ്ങിയത് ഈ ബോട്ടുജെട്ടിയിലാണ്. പുനർനിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം ഇറിഗേഷൻ വകുപ്പിനാണ്.
District News
വൈക്കം: സിപിഐയുടെ കോട്ടയം ജില്ലയിലെ ചുവപ്പുകോട്ടയായ വൈക്കത്ത് പ്രാദേശിക തലത്തിൽ നേതാക്കൾ പാർട്ടിവിടുന്നത് അതീവ ഗൗരവമായി കണ്ട് പ്രാദേശിക പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കാനും പ്രവർത്തകർക്ക് അവബോധം നൽകാനും രാഷ്ട്രീയ വിശദീകരണയോഗമടക്കം സംഘടിപ്പിക്കാൻ നേതൃത്വം. പാർട്ടിയുടെ സംഘടനാശേഷി പ്രകടമാക്കുന്നതരത്തിൽ ആയിരങ്ങളെ അണിനിരത്തിയുള്ള ആദ്യ രാഷ്ട്രീയ വിശദീകരണ യോഗവും ശക്തിപ്രകടനവും ആറിനു വൈകുന്നേരം അഞ്ചിന് ജെട്ടിമൈതാനിയിൽ നടക്കും.
പാർട്ടിയിൽ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നു പറഞ്ഞാണ് പ്രാദേശിക നേതാക്കൾ പലരും പാർട്ടി വിട്ടത്. പല സ്ഥാനങ്ങളും ലഭിച്ചവർ പാർലമെന്ററി വ്യാമോഹം മൂലം പാർട്ടിയുമായി കലഹിച്ചാണ് പാർട്ടിവിട്ടതെന്ന് അണികളെ നേതൃത്വം ബോധ്യപ്പെടുത്തിവരുന്നതിനിടയിലാണ് രണ്ടു തവണ എംഎൽഎയായ, മൂന്നു തവണ എംഎൽഎയായിരുന്ന മുതിർന്ന നേതാവിന്റെ മകൻ കെ. അജിത്ത് ബിജെപിയിൽ ചേക്കേറിയ വാർത്ത പാർട്ടി കേന്ദ്രങ്ങളിൽ വൻ സ്ഫോടനം ഉണ്ടാക്കിയത്.
പാർട്ടിയുടെ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന അജിത്ത് രണ്ടു വർഷം ഗുരുവായൂർ ദേവസ്വം ബോർഡ് മെംബറുമായിരുന്നു. പാർട്ടി ജില്ലാ എക്സിക്യൂട്ടിവിൽനിന്ന് അജിത്തിനെ ജില്ലാ കൗൺസിലിലേക്കു തരംതാഴ്ത്തിയപ്പോൾ മറ്റു ചിലർക്ക് ബഹുജന സംഘടനകളിൽ വലിയ സ്ഥാനങ്ങൾ നൽകിയത് അജിത്തിനെ പ്രകോപിപ്പിച്ചതായി അടുപ്പമുള്ളവർ പറയുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാതിരുന്നവരിൽ ചിലരും സ്ഥാപിത താത്പര്യത്തിന്റെ പേരിൽ മറ്റു ചിലരും പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഇപ്പോഴും ശമിച്ചിട്ടില്ല. ടിവി പുരത്ത് പഞ്ചായത്ത് പ്രസിഡന്റായി പാർട്ടി ഉയർത്തിക്കാട്ടിയ നേതാവ് പാർട്ടിക്ക് ഏറെ സ്വാധീനമുള്ളിടത്ത് തോറ്റതിനു പിന്നിൽ പാർട്ടിയിലെ ഭിന്നതയാണ് കാരണമെന്ന വാദഗതിയാണുള്ളത്.
ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള തലയാഴം, വെച്ചൂർ പഞ്ചായത്തുകളിൽനിന്ന് പ്രാദേശിക നേതാക്കളടക്കം പാർട്ടി വിടുന്നുണ്ട്. .അജിത്തിന് ഒരു തവണകൂടി മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും രണ്ടു തവണയെന്ന പാർട്ടിയിലെ നിബന്ധന അതിനു തടസമായി. പട്ടികജാതി വിഭാഗത്തിനു സർക്കാർ അർഹിക്കുന്ന പരിഗണന നൽകാത്തതിലെ പ്രതിഷേധം മൂലമാണ് പാർട്ടിവിട്ടു ബിജെപിയിൽ ചേർന്നതെന്ന വാദം ബാലിശമാണെന്നും പാർട്ടി മാറ്റത്തിനു പിന്നിൽ സ്വാർഥമോഹം മാത്രമാണെന്നാണ് സിപിഐ നേതൃത്വം ആരോപിക്കുന്നത്.
District News
തലയോലപ്പറമ്പ്: ഗുരുതരരോഗാവസ്ഥയിലുള്ള മൂന്നു മനുഷ്യജീവനുകൾ തിരികെപ്പിടിക്കാൻ ഒരു ഗ്രാമമൊന്നാകെ കൈകോർക്കുന്നു. തലയോലപ്പറമ്പ് പഞ്ചായത്തിലെ സുമനസുകളാണ് മൂന്നു പേരുടെ അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള ചികിത്സാസഹായനിധി സമാഹരിക്കാൻ ഒരുമിച്ചിറങ്ങുന്നത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കു വിധേയരാകുന്ന പഞ്ചായത്ത് മൂന്നാം വാർഡിലെ മയ്യോട്ടിൽ ജോർജ് -മറിയാമ്മ ദമ്പതികളുടെ മകൻ ഇമ്മാനുവൽ (19), ഒന്നാം വാർഡിലെ കുഴിപ്പറമ്പിൽ സുജീഷ് -ചിത്ര ദമ്പതികളുടെ മകൾ നവ്യ (21 ), കരൾ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയനാകുന്ന ആറാം വാർഡിലെ പാലച്ചുവട്ടിൽ ബേബി-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ബിബിൻ (39) എന്നിവരുടെ ചികിത്സയ്ക്ക് ധനസമാഹരണത്തിനാണ് നാടൊന്നാകെ ഇറങ്ങുന്നത്.
തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി മുൻ വികാരി റവ.ഡോ. ബെന്നി മാരാംപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരുടെയും സംയുക്ത യോഗത്തിൽ ഭാരവാഹികളായി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, അഡ്വ , ഫ്രാൻസിസ് ജോർജ് എംപി, സി.കെ. ആശ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകത്ത് (രക്ഷാധികാരികൾ), സെന്റ് ജോർജ് പള്ളി വികാരി ഫാ. സേവ്യർ ആവള്ളിൽ (ചെയർമാൻ), സഹവികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ (വൈസ് ചെയർമാൻ), ജോയി ജോൺ (ജനറൽ കൺവീനർ),
അഡ്വ. ഫിറോസ് മാവുങ്കൽ, അബ്ദുൾ സലീം മാളൂസ്, ജി. വേണുഗോപാൽ, കണ്ണൻ കൂരാപ്പള്ളി (ജോയിന്റ് കൺവീനർമാർ) എന്നിവരുൾപ്പെട്ട ജനകീയ കൂട്ടായ്മയാണ് രൂപീകരിച്ചത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ 22ന് രാവിലെ ഒന്‍പതു മുതൽ ഉച്ചയ്ക്ക് 12 വരെ തലയോലപ്പറമ്പ് പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ വീടുകളും സന്ദർശിച്ച് ധനശേഖരണം നടത്തും.
District News
ഗാന്ധിനഗർ: സർക്കാർ വർധിപ്പിച്ച ശമ്പളം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ കുറയ്ക്കാൻ നീക്കം നടത്തുന്നതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 28 വർഷത്തിലധികമായി ശുചീകരണ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ജനുവരി മാസം സർക്കാർ ശന്പളം വർധിപ്പിച്ചിരുന്നു.
പത്തു വർഷമായി 500 രൂപയായിരുന്ന ദിവസ വേതനത്തിൽ നിരവധി നിവേദനങ്ങളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ സർക്കാർ കഴിഞ്ഞ ജനുവരിയിൽ 210 രൂപയുടെ വർധനയാണ് വരുത്തിയത്. ജനുവരിമാസത്തെ ശന്പളം ഫെബ്രുവരിയിൽ വർധിപ്പിച്ച 210 രൂപ കൂടി ചേർത്ത് 710 രൂപയായി വർധിപ്പിച്ചാണ് നൽകിയത്. എന്നാൽ, സർക്കാർ വർധിപ്പിച്ച തുക വെട്ടിക്കുറച്ച് ഫെബ്രുവരിയിലെ ദിവസവേതനം 500 രൂപയാക്കി കുറയ്ക്കുമെന്നാണ് ആശുപത്രി അധികൃതർ ഇപ്പോൾ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ഇത് കടുത്ത അനീതിയും പ്രതിഷേധാർഹവുമാണെന്ന് ജീവനക്കാർ പറയുന്നു.
മെഡിക്കൽ കോളജിലെ സർക്കാർ ജീവനക്കാർക്കൊപ്പം സ്പാർക്കു മുഖേന ശന്പളം ലഭിക്കുന്ന താത്കാലിക ജീവനക്കാരാണിവർ. വർഷങ്ങൾക്ക് മുമ്പ് ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് അതത് കാലത്തെ ആശുപത്രി സൂപ്രണ്ടുമാരാണ് ദിവസ വേതനാടിസ്ഥാനത്തിൽ ഇവരെ ശുചീകരണ വിഭാഗത്തിൽ നിയമിച്ചത്. 28 വർഷത്തിലധികമായി ജോലി ചെയ്യുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. കുടുംബശ്രീയിൽ നിന്നും ജില്ലാ ആരോഗ്യമിഷനിൽ നിന്നുമൊക്കെ ശുചീകരണ വിഭാഗത്തിലേക്കു നിയമനം നടക്കുന്നതിന് മുമ്പ് ജോലിയിൽ പ്രവേശിച്ചവരാണിവർ.
ആശുപത്രിയിൽ ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങളൊക്കെ വരുന്നതിന് മുമ്പ് ആശുപത്രി വാർഡുകളും ബാത്ത്റൂമുകളും ആശുപത്രി പരിസരവും വൃത്തിയാക്കിയിരുന്നത് ഈ ജീവനക്കാരായിരുന്നു. അക്കാലത്ത് ഇത്രയധികം ലിഫ്റ്റുകളും ആശുപത്രിയിലുണ്ടായിരുന്നില്ല.
ആശുപത്രിക്കെട്ടിടത്തിന്റെ വിവിധ നിലകളിൽ പ്രവർത്തിക്കുന്ന വാർഡുകളിലെയും ആശുപത്രിയുടെ മുക്കിലും മൂലയിലുംനിന്നുവരെ സ്റ്റെപ്പുകൾ കയറിയിറങ്ങിയാണ് ഇവർ മാലിന്യങ്ങൾ താഴെയെത്തിച്ചിരുന്നത്. അത്രയധികം കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടെന്ന് ഈ വിഭാഗം ജീവനക്കാർ പറയുന്നു.
സർക്കാർ വർധിപ്പിച്ച വേതനം വെട്ടിക്കുറയ്ക്കാനുള്ള ആശുപത്രി അധികൃതരുടെ നീക്കം ആത്മഹൂതിയടക്കമുള്ള പ്രതിഷേധത്തിലേക്ക് തങ്ങളെ തള്ളിവിടുന്നതാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി. ഈ നീക്കത്തിനെതിരേ പ്രതിഷേധത്തിനൊപ്പം നിയമനടപടികളും സ്വീകരിക്കുമെന്ന് കേരളാ സ്റ്റേറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി ) ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടനും പറഞ്ഞു.
എട്ടു മാസം മുമ്പ് സംഘടന നൽകിയ നിവേദനത്തെത്തുടർന്നാണ് ശമ്പളം വർധിപ്പിച്ചത്. ശന്പളം വെട്ടിക്കുറയ്ക്കാൻ നടത്തുന്ന നീക്കത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചപ്പോൾ സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നു പറഞ്ഞതായും തോമസ് കല്ലാടൻ ആരോപിച്ചു. ഈ നീക്കത്തിനു പിന്നിൽ ഭരണകക്ഷിയിൽപ്പെട്ടവരുടെ ഇടപെടൽ ഉണ്ടായതായി സംശയിക്കുന്നതായി സൂചിപ്പിച്ച തോമസ് കല്ലാടൻ ഇന്നു വീണ്ടും സൂപ്രണ്ടുമായി ചർച്ച നടത്തുമെന്നു കൂട്ടിച്ചേർത്തു.
District News
കോട്ടയം : ഇറിഡിയം തട്ടിപ്പു കേസിലെ പ്രതി കോട്ടയത്തെത്തി മടങ്ങിയിട്ടും പോലീസ് പിടികൂടാതിരുന്ന സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇറിഡിയം തട്ടിപ്പ് കേസിലും മറ്റൊരു തട്ടിപ്പ് കേസിലും ഉള്‍പ്പെട്ട ഹരിപ്പാട് സ്വദേശി കോടതി നിര്‍ദേശപ്രകാരമുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി കോട്ടയത്തെത്തി മടങ്ങിയത്.
സ്വന്തം കാറില്‍ സുഹൃത്തിനും അഭിഭാഷകനുമൊപ്പമാണ് പ്രതി കഞ്ഞിക്കുഴിയിലെ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി ആസ്ഥാനത്തെത്തിയത്. സംഭവത്തിലെ പരാതിക്കാരി സ്ഥലത്തു കാത്തുനിന്നു വിവരം പോലീസിനു കൈമാറിയിട്ടും പ്രതിയെ പിടികൂടേണ്ട പോലീസ് മാത്രം എത്തിയില്ല. പ്രതിയുടെ ലൊക്കേഷന്‍ കൃത്യമല്ലെന്ന മറുപടിയാണ് പരാതിക്കാരിക്കു പോലീസിന്റെ ഭാഗത്തുനിന്നു ലഭിച്ചത്.
വന്‍ ലാഭം വാഗ്ദാനം ചെയ്തുള്ള ഇറിഡിയം ബിസിനസിന്റെ പേരില്‍ 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എല്ലാ വിവരങ്ങളും ലഭിച്ചിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്നാണ് പരാതി. സംഭവം പുറത്തുവന്നതോടെയാണ് സ്പെഷല്‍ ബ്രാഞ്ച് വിശദ അന്വേഷണം ആരംഭിച്ചത്.
കോട്ടയത്ത് എത്തിയ മടങ്ങിയ പ്രതിയുടെയും സഹായിയുടെയും ഫോണ്‍ നമ്പറുകള്‍ പോലീസിനു ലഭിച്ചിട്ടും ഇവരുടെ ലൊക്കേഷന്‍ കൃത്യമായി മനസിലായിട്ടും പോലീസ് അനങ്ങിയില്ലെന്നാണ് പരാതി.
ശനിയാഴ്ച പ്രതിയുള്‍പ്പെടുന്ന സംഘം കഞ്ഞിക്കുഴിയിലെത്തുമെന്ന വിവരം മുന്‍കുട്ടി അറിഞ്ഞാണു പരാതിക്കാരി സ്ഥലത്തെത്തി കാത്തുനിന്നത്. നാളുകള്‍ക്കു മുമ്പും പ്രതി കോട്ടയത്തെത്തുന്ന വിവരം പരാതിക്കാരി പോലീസിനെ അറിയിച്ചപ്പോൾ ഇപ്പോള്‍ പിടിക്കാന്‍ പറ്റില്ലെന്ന മറുപടിയായിരുന്നു പോലീസ് നല്‍കിയത്.
District News
കുമരകം: ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ശൗചാലയവും ക്ലാസ് മുറികളും തകർത്തു. രണ്ടു ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒരു ക്ലാസ് മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്ന് എല്ലാം നശിപ്പിക്കുകയായിരുന്നു. സീലിംഗ് ഫാനുകൾ ഉൾപ്പടെയുള്ള തകർത്തു.
ശൗചാലയത്തിലെ യൂറോപ്യൻ ക്ലോസറ്റുകളും പൈപ്പുകളും ടാപ്പുകളുമെല്ലാം നശിപ്പിച്ചു. സ്കൂളിന്റെ ഭിത്തി തകർക്കാനും ശ്രമമുണ്ടായതായി ദേവസ്വം അധികൃതർ പറഞ്ഞു. രണ്ട് സിസിടിവി കാമറകളും തകർത്തിട്ടുണ്ട്.
ഉത്സവം പ്രമാണിച്ച് സ്കൂൾ അവധിയായിരുന്നതിനാൽ, എന്നാണ് ഇത്രയും വലിയ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയതെന്ന് സ്കൂൾ അധികൃതർക്കറിയാൻ കഴിഞ്ഞില്ല. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ് പറഞ്ഞു.
District News
കോട്ടയം: കംപ്ലീറ്റ് എക്സിക്യൂഷന് സ്കീം പരിഷ്കരിച്ചു സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതോടെ കോട്ടയത്തുനിന്നു മെഡിക്കല്‍ കോളജ്, ഏറ്റുമാനൂര്‍, പാലാ, കടുത്തുരുത്തി, പിറവം, പെരുവ, എറണാകുളം, കുമരകം, ചേര്‍ത്തല, വൈക്കം, പരിപ്പ്, പുത്തന്‍തോട്, കല്ലറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 300ല്‍പ്പരം സ്വകാര്യ ബസ് പെര്‍മിറ്റുകളുടെ കാര്യത്തിലുണ്ടായിരുന്ന അനിശ്ചിതത്വം ഒഴിവായി.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കോട്ടയം-നീണ്ടൂര്‍ കംപ്ലീറ്റ് എക്സിക്യൂഷന് സ്കീം നിലവില്‍ വന്നത്. സ്കീം ഓവര്‍ലാപ് ചെയ്യുന്ന സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കരുതെന്ന കെഎസ്ആര്‍ടിസിയുടെ നിവേദനം പരിഗണിച്ച് 2020 മുതല്‍ സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാതിരിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി കൂടാതെ നഴ്സിംഗ് കോളജ്, വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ നഴ്സിംഗ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, കോളജുകള്‍, സ്കൂളുകള്‍, ആരാധനാലയങ്ങള്‍, ഗവണ്മെന്റ് ഡെന്റല്‍ കോളജ്, എംജി യൂണിവേഴ്സിറ്റി മറ്റു വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു പൊതുജനങ്ങളുടെ യാത്രാസൗകര്യം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇതോടെ ഉണ്ടായത്.
പുതിയ നോട്ടിഫിക്കേഷനിലൂടെ കോട്ടയം-നീണ്ടൂര്‍ സ്കീം പരിഷ്കരിച്ച് കോട്ടയം-കുമരകം-തണ്ണീര്‍മുക്കം-ചേര്‍ത്തല, കോട്ടയം-കുടമാളൂര്‍-മെഡിക്കല്‍കോളജ്-എംജി യൂണിവേഴ്സിറ്റി-നീണ്ടൂര്‍-കല്ലറ-വൈക്കം എന്നിങ്ങനെയാണ് പുതിയ സ്കീം നിലവില്‍ വന്നിരിക്കുന്നത്. സ്കീം പ്രകാരം 2024 ഡിസംബര്‍ 31 വരെ നിലവിലുള്ള സ്വകാര്യ പെര്‍മിറ്റുകള്‍ പുതുക്കി നല്കാന് സ്കീമില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതോടെ നീണ്ടൂര്‍ സ്കീം ഓവര്‍ലാപ് ചെയ്തിരുന്ന 300ല്‍പരം സ്വകാര്യ ബസ് ഉടമകളുടെയും ഈ ബസുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും 1500ലധികം തൊഴില്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിനു യാത്രക്കാരുടെ യാത്രാസൗകര്യവും ഉറപ്പായിരിക്കുന്നു.
നീണ്ടൂര്‍ സ്കീം പരിഷ്കരിച്ച് നിലവിലുള്ള സ്വകാര്യബസുകളെ സംരക്ഷിക്കത്തവിധത്തില് പുതിയ സ്കീം യാഥാര്‍ഥ്യമാക്കാന്‍ നേതൃത്വം നല്കിയ ഏറ്റുമാനൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വി.എന്‍. വാസവന്, ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്, മുന്‍ മന്ത്രി ആന്റണി രാജു എന്നിവരെ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജാക്സണ് ജോസഫ്, ജനറല്‍ സെക്രട്ടറി കെ.എസ്. സുരേഷ് എന്നിവര്‍ അഭിനന്ദിച്ചു.
District News
കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനത്ത് താത്കാലിക വേലികെട്ടി തിരിച്ച സ്ഥലത്തിനുള്ളില്‍ ചിറപ്പ് പന്തല്‍, പില്‍ഗ്രിം ഷെല്‍ട്ടര്‍ എന്നിവയുടെ നിര്‍മാണത്തിനെന്ന പേരില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍നിന്ന് ദേവസ്വം ബോര്‍ഡ് പിന്തിരിയണമെന്ന് ഹൈന്ദവ സംഘടനകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്റെ കിഴക്കും തെക്കും ഭാഗത്തെ പൂര്‍ത്തീകരിക്കാത്ത നടപ്പന്തല്‍ നിര്‍മാണം, ക്ഷേത്ര മൈതാന ചുറ്റുമതിലിന്റെ ശോച്യാവസ്ഥ, ഗോശാലയുടെ ജീര്‍ണാവസ്ഥ, ഭക്തജന ആവശ്യാര്‍ഥം കൂടുതല്‍ ശൗചാലയ നിര്‍മാണം എന്നിവയ്ക്കൊന്നും പരിഹാരം കാണാത്ത ദേവസ്വം ബോര്‍ഡ് ലക്ഷങ്ങള്‍ മുടക്കി നടത്താനൊരുങ്ങുന്ന അനാവശ്യ നിര്‍മാണങ്ങള്‍ ധൂര്‍ത്തിനും അഴിമതിക്കും വേണ്ടിയാണ്.
ക്ഷേത്രത്തിനു ചുറ്റും നാലുവശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിൽ റോഡ് നിര്‍മാണത്തിനു യാതൊരു നടപടികളും സ്വീകരിക്കാത്ത ദേവസ്വം ബോര്‍ഡാണ് അനാവശ്യ നിര്‍മാണത്തിന് മുതിരുന്നത്. കല്യാണമണ്ഡപത്തില്‍നിന്ന് 10 മീറ്റര്‍ പടിഞ്ഞാറോട്ട് മാറി യാതൊരു നിര്‍മിതികളും പാടില്ലെന്ന 2015ലെ ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ നടത്തുന്ന നിര്‍മിതികള്‍ ദേവഹിതത്തിനു വിരുദ്ധവും കോടതി ഉത്തരവിന്റെ ലംഘനവുമാണെന്നും സംഘടനകള്‍ ആരോപിച്ചു.
പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്റ് ഇ.എസ്. ബിജു, മഹാദേവ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് പി. രാജഗോപാല്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.പി. സഹദേവന്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി സി. മോഹന്‍ ചന്ദ്രന്, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വി.എന്‍. സോമന്, ആറാട്ട് എതിരേല്പ് സമിതി പ്രസിഡന്റ് ശ്രീജിത്ത് കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
District News
കുമരകം: പഞ്ചായത്തിൽ 2026-27 വർഷത്തേക്കുള്ള ബജറ്റിൽ മിനി സിവിൽ സ്റ്റേഷനു മുൻഗണ. പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ വിവിധ സർക്കാർ സംവിധാനങ്ങൾ ഒരു കുടക്കീഴിൽ അണിനിരക്കുന്ന മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുന്നതിന് രണ്ടുകോടി രൂപ വകയിരുത്തി പ്രസിഡന്റ് എ.പി. ഗോപിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് രമ്യാ ഷിജോയാണ് ബജറ്റ് അവതരിപ്പിച്ചത്.
38,52,69,556 കോടി രൂപ വരവും 37,94,41,000 കോടി രൂപ ചെലവും 58,28,556 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കുമരകത്തെ തോടുകളിലെ പോളശല്യം പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ പഞ്ചായത്തുമായി ചേർന്നുകൊണ്ടുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി 17 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനു സ്ഥിരം സംവിധാനം എന്നനിലയിൽ ക്ലീൻ കുമരകം പദ്ധതി നടപ്പിലാക്കി തെരുവുനായ ശല്യം ഒഴിവാക്കുന്നതിനായി എബിസി പ്രോഗ്രാം നടപ്പിലാക്കുകയും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ
തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കാൻ എംസിഎഫ് നിർമാണത്തിനും തുക വകയിരുത്തിടുന്നുണ്ട്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട എല്ലാവർക്കും ഈ വർഷം തന്നെ ആനുകൂല്യം ലഭ്യമാക്കും. പാർപ്പിടരഹിതരില്ലാത്ത കുമരകം പഞ്ചായത്ത് യാഥാർഥ്യമാക്കുന്നതിനുവേണ്ടി മൂന്നു കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ യൂണിയൻ പ്രവർത്തനങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് കോളജ് ഡേ ആഘോഷങ്ങൾ നടന്നു. പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ് നിർവഹിച്ചു.
ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, സ്റ്റാഫ് കോഓർഡിനേറ്റർ ഡോ. തോമസ് പുളിയ്ക്കൻ, യൂണിയൻ ചെയർമാൻ ആദിൽ ബഷീർ, ജനറൽ സെക്രട്ടറി ജോൺസൺ ജോണി, വൈസ് ചെയർപേഴ്സൺ എയ്ഞ്ചലിന മനോജ്, മാഗസിൻ എഡിറ്റർ എസ്. സ്വാതി തുടങ്ങിയവർ സംസാരിച്ചു.
കോളജ് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രശസ്ത കലാകാരൻ ഷാഫി കൊല്ലം കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ രസതന്ത്ര ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി അന്തർദേശീയ സെമിനാറും സംസ്ഥാനതല പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചു.
"മോളിക്യൂളർ മെഡിസിനും മരുന്ന് രൂപകൽപ്പനയും: രാസ ശാസ്ത്രത്തിന്റെ പുതിയ അതിരുകൾ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ സിഎസ്ഐആർ - എൻഐഐഎസ്ടിയിലെ പ്രിൻസിപ്പാൾ സയന്റിസ്റ്റ് ഡോ. ജുബി ജോൺ ഉദ്ഘാടനം ചെയ്തു.
വൈറസുകൾ, രോഗങ്ങൾ, പ്രതിരോധ മരുന്നുകൾ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഓഫ് ലുറൈനിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷക ഡോ. ഹരിത ഫലപ്രദമായ ഔഷധ നിർമാണത്തിനായി കമ്പ്യൂട്ടേഷണൽ കെമിസ്ട്രിയുടേയും മെഷീൻ ലേണിംഗിന്റെയും സമന്വയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും രസതന്ത്രവും സംയോജിപ്പിച്ച് മരുന്ന് വികസനം മെച്ചപ്പെടുത്താമെന്ന് അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. നിഹിത ലിൻസൺ തുടങ്ങിയവർ സംസാരിച്ചു.
കെംസ്പയർ ക്ലബിന്റെ ആഭിമുഖ്യത്തിൽ "നോസിസ്സ് 2.0' എന്ന പേരിൽ അഖില കേരള പേപ്പർ അവതരണ മത്സരവും സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളജുകളിൽ നിന്നുള്ള യുജി, പിജി വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു.
നോസിസ് 2.0 പേപ്പർ അവതരണ മത്സരത്തിൽ പാലാ അൽഫോൻസാ കോളജിലെ നന്ദന ദിനേശ്, പി.വി. ഗോപിക എന്നിവർ ഒന്നാം സ്ഥാനവും ചങ്ങനാശേരി എസ്ബി കോളജിലെ ജുവൽ ബെന്നി തോമസ്, ആഞ്ജലീന ടെസ മരിയ എന്നിവർ രണ്ടാം സമ്മാനവും നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
District News
അരുവിത്തുറ: സെന്റ് ജോർജസ് കോളജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ആകാശ കാഴ്ചയുടെ വിസ്മയമൊരുക്കുന്നു.
വ്യാഴാഴ്ച അഞ്ച് മുതൽ ഒമ്പത് വരെയാണ് അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് ഗ്രഹങ്ങളെയും ചന്ദ്രനെയും അടുത്തുകാണാൻ അവസരം ഒരുക്കുന്നത്. ഒരു സ്കൂളിൽ നിന്നും അഞ്ച് മുതൽ 10 വരെ കുട്ടികൾക്ക് വരെ പങ്കെടുക്കാം.
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ നേർരേഖയിലുള്ള വരവിനോടനുബന്ധിച്ചാണ് ഈ സ്കൈ വാച്ചിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പരിപാടിയോട് അനുബന്ധിച്ച് ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസന്റേഷനും ഫിസിക്സിലെ ആശയങ്ങളെ മനസിലാക്കുവാൻ സഹായിക്കുന്ന ലളിതമായ പരീക്ഷണങ്ങളുടെ പ്രദർശനവും നടക്കും.
താത്പര്യമുള്ളവർ ബന്ധപ്പെടുക: 8547104938.
District News
അരുവിത്തുറ: നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യ ചികിത്സയുടെയും അത്ഭുത ഔഷധക്കൂട്ടുകളുമായി അരുവിത്തുറ ഫൊറോന ഇടവകയിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ടിപിസിവി കോട്ടയം ജില്ലയുടെ സൗജന്യ രോഗ പരിശോധന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്നു.
ക്യാമ്പ് പൂഞ്ഞാർ പാലസിലെ പ്രഫ. സുധ ഗോദവർമ ഉദ്ഘാടനം ചെയ്തു. ടിപിസിവി സംസ്ഥാന പ്രസിഡന്റ് സാവിയോ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് ബേബി വൈദ്യർ, പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി മുഖാലയിൽ, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് വത്സമ്മ വെട്ടുകാട്ടിൽ, പ്രോഗ്രാം കോഓർഡിനേറ്റർജോസഫ് വടക്കേൽ, സണ്ണി വൈദ്യൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ക്യാമ്പിൽ ആയുർവേദ വിഭാഗത്തിൽ ഡോ. രശ്മി നാച്ചുറോപതി വിഭാഗത്തിൽ ഡോ. മിലൻ പ്രവീൺ, ഡോ. ജോതിസ് ജോയി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. ആയുർവേദം, നാച്ചുറൊപതി ഡോക്ടർമാർ ഉൾപ്പെടെ മുപ്പതോളം പാരമ്പര്യ വൈദ്യന്മാർ ക്യാമ്പിൽ പങ്കെടുത്തു.
ഓടിവ്, ചതവ്, സന്ധിവേദനകൾ എന്നിവയ്ക്ക് മർമ്മവൈദ്യന്മാരും അലർജി, വെരിക്കോസ്, പൈൽസ്, വിഷ ചികിത്സ, കാൻസർ, മൈഗ്രൈൻ, കിഡ്നി സ്റ്റോൺ, ഇയർ ബാലൻസ്, ധന്ത രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വിദഗ്ധ വൈദ്യന്മാരും ചികിത്സകൾ നിശ്ചയിച്ചു.
സ്ത്രീ വിഭാഗത്തിന് വനിതാ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. 200ൽ പരം ഔഷധ സസ്യങ്ങളുടെ പ്രദർശനവും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 200 ഓളം ആളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.
District News
വിശ്വാസ ഉണർവിൽ ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷനു സമാപനം
ചങ്ങനാശേരി: എസ്ബി കോളജ് മൈതാനത്ത് അഞ്ചു ദിവസമായി നടന്ന അതിരൂപത 27-ാ മത് ബൈബിള്‍ കണ്‍വൻഷനു സമാപനം. പതിനായിരകണക്കിന് വിശ്വാസികൾ കൺവൻഷനിൽ ദിവസവും പങ്കെടുത്തു. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സമാപന സന്ദേശം നൽകി. കർത്താവിന്റെ സ്നേഹം അനുഭവിച്ചാൽ പാപം ചെയ്യാൻ കഴിയില്ലെന്നും കർത്താവ് സ്പർശിച്ചാൽ പിന്നെ കർത്താവിനെ ഉപേക്ഷിക്കില്ലെന്നും മാർ തറയിൽ പറഞ്ഞു. ശിക്ഷിക്കുന്ന ഒരു ദൈവമല്ല രക്ഷിക്കുന്ന ഒരു ദൈവമാണ് നമ്മുടെതെന്നും നിനക്കായി കാത്തിരിക്കുന്ന ഒരു ദൈവമാണ് നമ്മുടേതെന്നും നാം മനസിലാക്കണം. കുടുംബങ്ങളിൽ പരസ്പരം സ്നേഹിക്കാനും പങ്കുവയ്ക്കാനും കഴിയണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കോട്ടയം ഫൊറോന വികാരി ഫാ. ജേക്കബ് വട്ടക്കാട്, തുരുത്തി ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലി എന്നിവർ സഹകാർമികത്വം വഹിച്ചു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ് കൺവൻഷൻ നയിച്ചത്. രാവിലെ യുവദീപ്തി എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ യുവജന കണ്വന്ഷൻ നടന്നു.
ഫാ. സേവ്യർ ഖാൻ വട്ടായിൽ രോഗസൗഖ്യ പ്രാർഥനയും കുടുംബങ്ങളെ സമർപ്പിച്ചു കൊണ്ടുള്ള പ്രാർഥനയും വചനപ്രഘോഷണവും സൗഖ്യാരാധനയും നടത്തി. സമാപന യോഗത്തിൽ വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്, ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തി എന്നിവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: വചനത്തിന്റെ ശക്തിയില്‍ പ്രലോഭനങ്ങളെയും തിന്മകളെയും അതിജീവിക്കണമെന്ന് ഷംഷാബാദ് സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത്. എസ്ബി കോളജ് മൈതാനത്തെ മാര്‍ പവ്വത്തില്‍ നഗറില്‍ നടക്കുന്ന ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ പാടിയത്ത്.
ജഡത്തിന്റെയും ആത്മാവിന്റെയും ലോകത്തിന്റെയും പ്രലോഭനങ്ങളെ അതിജീവിച്ചാണ് ദൈവേഷ്ടം നിറവേറ്റപ്പെടേണ്ടത്. സമുദായ ശക്തീകരണവര്ഷത്തില് വചനത്തില്‍നിന്നും വിശുദ്ധ കുര്‍ബാനയില്‍ നിന്നും സഭാമക്കള്‍ ശക്തി നേടണമെന്നും മാര്‍ പാടിയത്ത് കൂട്ടിച്ചേര്‍ത്തു.
ഫാ. ചെറിയാന് കറുകപ്പറമ്പില്‍, ഫാ. ഫ്രാന്‍സിസ് കാരുവേലില്‍, ഫാ. മോര്‍ലി കൈതപ്പറമ്പില്, ഫാ. തോമസ് മംഗലത്ത്, ഫാ. ജോബി പരുവപ്പറമ്പില്‍, ഫാ. മാത്യൂ കാരേറ്റ്, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ജസ്റ്റിന് വരുവുകാല എന്നിവര്‍ വിശുദ്ധകുര്ബാനയ്ക്ക് സഹകാര്‍മികത്വം വഹിച്ചു.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ.സാംസണ് മണ്ണൂര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. കണ്‍വന്‍ഷന്റെ മൂന്നാംദിനമായ ഇന്നലെ വിശ്വാസികളെക്കൊണ്ട് എസ്ബി കോളജ് മൈതാനം നിറഞ്ഞു കവിഞ്ഞു.
എല്ലാദിവസവും ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, റംശ, 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് വചന പ്രഘോഷണം, ആരാധന എന്നിങ്ങനെയാണ് ക്രമീകരണം. ഇന്ന് വൈകുന്നേരം 4.30ന് ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ വചനപ്രഘോഷണം നടത്തും.
ഇന്ന് മതാധ്യാപക മഹാസംഗമം
ഇന്ന് രാവിലെ ഒമ്പതിന് കണ്വന്ഷന് പന്തലില്‍ അതിരൂപതയിലെ മതാധ്യാപകരുടെ മഹാസംഗമം (നുഹ്റാ 2026) നടക്കും. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം അഞ്ചിന് കുട്ടികള്‍ക്ക് പരീക്ഷ ഒരുക്ക പ്രത്യേക പ്രാര്‍ഥന നടക്കും.
സമാപനദിനമായ നാളെ രാവിലെ ഒമ്പതിന് യുവജന കണ്വന്ഷന് നടക്കും. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാകാര്‍മികത്വം വഹിച്ച് സമാപന സന്ദേശം നല്‍കും. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ രോഗസൗഖ്യ പ്രാര്‍ഥനയും വചനപ്രഘോഷണവും നടത്തും.
Kerala
കോട്ടയം: ജില്ലയുടെ വിവിധ മേഖലകളില്‍ പനിയെത്തുടര്‍ന്നു വിട്ടുമാറാത്ത ചുമയുമായി കുട്ടികള്‍ അടക്കമുള്ള നിരവധിപേര്‍ ചികിത്സയില്‍.
ദിവസങ്ങളായി തുടരുന്ന ചുമ ജാഗ്രതയോടെ ചികിത്സിച്ചില്ലെങ്കില്‍ ന്യുമോണിയയ്ക്കു മുതല്‍ ആസ്മയ്ക്കുവരെ കാരണമായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
കുട്ടികളടക്കം നിരവധിപ്പേരാണു പനിയും ചുമയുമായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ പനി മാറുമെങ്കിലും ചുമ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണ്.
റെസ്പിറേറ്ററി സിന്‍സിഷല്‍ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു ചുമ മാറാതിരിക്കുന്നതിനു കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പകല്‍ സമയത്തെ കടുത്ത ചൂടും വെയിലും രാത്രിയിലെ തണുപ്പുള്ള കാലാവസ്ഥയും ഓരോ ദിവസവും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമാണു പനിക്കും ചുമയ്ക്കും പ്രധാനകാരണം.
ആശുപത്രിയില്‍ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചുമ, ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുമായിട്ടാണെത്തുന്നത്.
നുറൂകണക്കിനാളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കില്‍ മാത്രം ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളും പനിബാധിതരാല്‍ നിറഞ്ഞു.
അന്തരീക്ഷ മലിനീകരണവും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പൊടിപടലങ്ങളും വാഹനങ്ങളിലെ പുകയും ഇപ്പോഴത്തെ ചുമയ്ക്ക് കാരണമാകുന്നുണ്ട്.
ചൂടും വെയിലും അലര്‍ജികള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും വഴിവയ്ക്കും.
ജാഗ്രത പാലിക്കണം
പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കുന്നത് പൊടിപടലങ്ങളില്‍നിന്നും രോഗാണുക്കളില്‍നിന്നും സംരക്ഷണമാകും. കടുത്ത ചൂടില്‍ ധാരാളം ശുദ്ധജലം കുടിക്കണം.
രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ഉടനടി ഡോക്ടറെ കണ്ടു പരിശോധന നടത്തണം. പനിയോ ജലദോഷമോ വന്നാല്‍ തുടക്കത്തില്‍തന്നെ ആന്റിവൈറല്‍ ചികിത്സ തേടണമെന്നാണു ഭൂരിഭാഗം ഡോക്ടര്‍മാരും പറയുന്നത്.
കോവിഡിനുശേഷം വൈറല്‍ രോഗങ്ങളെ തുടര്‍ന്നുള്ള ന്യുമോണിയ കൂടുതല്‍ അപകടകാരിയായി മാറിയതും സ്ഥിതി ആശങ്കാജനകമാകുന്നുണ്ട്.
സ്വന്തം നിലയ്ക്കു മരുന്നുകള്‍ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കുമ്പോള്‍ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് രോഗികളെ സെക്കന്‍ഡറി ഇന്‍ഫെക്ഷനിലേക്ക് നയിക്കും.
ചുമ കടുത്താല്‍ എക്സ്റേ, പള്‍മനറി ഫംഗ്ഷന് ടെസ്റ്റ് തുടങ്ങിയ രോഗനിര്‍ണയ മാര്‍ഗങ്ങള്‍ തേടേണ്ടിവരും. മൂന്നാഴ്ച കഴിഞ്ഞിട്ടും ചുമ രൂക്ഷമായി തുടര്‍ന്നാല്‍ പള്‍മനോളജിസ്റ്റിനെ നിര്‍ബന്ധമായും കാണിക്കണം.
സ്വന്തം നിലയ്ക്കു കഫ്സിറപ്പ് വാങ്ങിക്കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുകയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം, വലിയ തോതില്‍ പനിയും വിട്ടുമാറാത്ത ചുമതയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
District News
വിശ്വാസീസാഗരമായി ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്വന്ഷൻ
കുട്ടികൾക്കും വിദ്യാർഥികൾക്കുമുള്ള പ്രാർഥന ഇന്ന്
ചങ്ങനാശേരി: വചനവും ദൈവസ്നേഹവും ലഭിക്കാത്ത കുട്ടികളുടെയും യുവാക്കളുടെയും നിലവിളി ഈ കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്ന് പാലാ രൂപത മുന്‍ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. എസ്ബി കോളജ് മൈതാനത്തുള്ള മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടക്കുന്ന ചങ്ങനാശേരി അതിരൂപത 27-ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാംദിനത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും ദൈവസ്നേഹവും വിശ്വാസതീക്ഷ്ണതയും പകര്ന്നുനല്കാന് മാതാപിതാക്കള്‍ക്കും സഭാനേതൃത്വത്തിനും കഴിയണമെന്നും മാര്‍ മുരിക്കന്‍ ഉദ്ബോധിപ്പിച്ചു. ലോകത്തില്‍ ഞെരുക്കമുണ്ടാകുമ്പോള്‍ ലോകത്തെ കീഴടക്കിയ ക്രിസ്തുവില്‍ പ്രത്യാശയുള്ളവരാകാന്‍ ക്രൈസ്തവര്‍ക്ക് കഴിയണമെന്നും ഈശോയെക്കുറിച്ചു പഠിക്കുന്നതിലും പറയുന്നതിലുമുണ്ടാകുന്ന കുറവുകളാണ് നമ്മുടെ ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബലിയും വിരുന്നുമായ വിശുദ്ധ കുര്‍ബാന ക്രൈസ്തവരുടെ ജീവിതത്തില്‍ അനുഭവമാകണം. വിശുദ്ധ കുര്‍ബാന നിലനില്‍പ്പിന്റെയും ആത്മാവിന്റെയും ശക്തിയാണെന്ന് തിരിച്ചറിയണമെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു.
ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ജോസഫ് നിലവന്തറ, ജൂബിലേറിയന്മാരായ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്വന്ഷന് നയിക്കുന്നത്. ദിവസവും ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, 5.30ന് ഗാനശുശ്രൂഷ, ആറിന് വചനപ്രഘോഷണം, ആരാധന എന്നീ ശുശ്രൂഷകള്‍ നടക്കും.
ഇന്ന് ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. നാളെ ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, 22ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
ഇന്നു രാവിലെ 10ന് കൺവൻ ഷൻ പന്തലിൽ സീനിയര്‍ സിറ്റിസണ്‍സ് സംഗമം നടക്കും. നാളെ അതിരൂപത മതാധ്യാപകസംഗമവും 22ന് രാവിലെ ഒമ്പതിന് യുവജന സംഗമവും നടക്കും. കണ്വന്ഷന് ദിനങ്ങളില്‍ അട്ടപ്പാടി സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗിനുള്ള ക്രമീകരണമുണ്ടാകും. കുമ്പസാരത്തിനുള്ള അവസരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്വന്ഷന് എത്തുന്ന കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ 9495379045, 7591973033 എന്നീ ഫോണുകളില്‍ ബന്ധപ്പെടണം.
District News
പെരുവന്താനം: ആധുനിക സാങ്കേതിക വിദ്യകളുടെ ഗവേഷണ ഫലങ്ങൾ മനുഷ്യ പുരോഗതിക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണമെന്ന് മാർ മാത്യു അറയ്ക്കൽ.
പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ എംസിഎ കോഴ്സിന്റെയും വിആർ സ്റ്റുഡിയോയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് നടന്ന ശാസ്ത്രപ്രതിഭാ സംഗമത്തിൽ നാനോ ടെക്നോളജി മനുഷ്യന്റെ പുരോഗതിക്ക് ഒപ്പം ആയൂർ ദൈർഘ്യത്തെയും ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൻ മാറ്റം കൊണ്ടുവരുമെന്നും ഈ യുഗം എഐയുടെയും മെഷീൻ ലേണിംഗിന്റെയും നാനോ സയൻസിന്റെയും യുഗമാണെന്നും എംജി യൂണിവേഴ്സിറ്റി മുൻ വിസി പ്രഫ.ഡോ. സാബു തോമസ് വ്യക്തമാക്കി.
ബഹിരാകാശ മേഖലയിലെ നമ്മുടെ ഓരോ പഠനങ്ങളും ലോകത്തിനു തന്നെ മാതൃകയാണെന്നും അവ നമ്മുടെ സ്വയ രക്ഷയ്ക്കൊപ്പം മനുഷ്യ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും വിഎസ്എസ്സി മുന്‍ അസോസിയേറ്റ് പ്രഫസറും എസ്ഡിഎസ്സി പ്രഫസറുമായ ഡോ. വി. അശോക് അഭിപ്രായപ്പെട്ടു.
ബഹിരാകാശ ഗവേഷണ രംഗത്ത് നാം ഒരു വൻ ശക്തിയായി വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ പഠനം അനന്തമായ അറിവുകളാണ് പ്രദാനം ചെയ്യുന്നതെന്നും അവയുടെ നിരീക്ഷണങ്ങളും പഠനങ്ങളും സാമൂഹിക പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും തിരുവനന്തപുരം വിഎസ്എസ്സി സയന്റിസ്റ്റ് വി. വെങ്കിട്ടരാമൻ വ്യക്തമാക്കി.
യുവമനസുകളിൽ ഈ ശാസ്ത്ര സംഗമം പുതു ചൈതന്യം നിറയ്ക്കുമെന്ന് മുൻ എംഎൽഎ കെ.ജെ. തോമസ് പറഞ്ഞു. ഇത്തരത്തിലുള്ള പുതുതലമുറ പഠനങ്ങള്‍ അവതരിപ്പിക്കുന്നതിൽ എന്നും സെന്റ് ആന്റണീസ് കോളജ് മുൻപിലാണെന്ന് മാർ മാത്യു അറയ്ക്കലും കെ.ജെ. തോമസും അഭിപ്രായപ്പെട്ടു.
കോട്ടയം, ഇടുക്കി ജില്ലകളിലെ 34 സ്കൂളുകളില്‍നിന്നും 400 ലധികം വിദ്യര്‍ഥികള്‍ പ്രതിഭാ സംഗമത്തില്‍ പങ്കെടുത്തു. കോളജ് പ്രിൻസിപ്പാൾ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി പരിപാടിക്ക് സ്വാഗതമാശംസിച്ചു.
കോളജ് ചെയർമാനും സ്പാഗോ ഇന്റർനാഷണലിന്റെ സിഇഒയുമായ ബെന്നി തോമസ് ആമുഖ പ്രഭാഷണവും കെ.ജെ. തോമസ് മുഖ്യ പ്രഭാഷണവും നടത്തി.
കമ്പ്യൂട്ടർ വിഭാഗം മേധാവി ജിന്റു മോൾ ജോൺ കൃതജ്ഞത അർപ്പിച്ചു. കോളജ് സെക്രട്ടറി ടിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പാൾമാരായ സുപർണ്ണ രാജു, പി.ആർ. രതീഷ്, ജോസ് ആന്റണി, പി. അനുരാഗ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നാനോ ടെക്നോളജിയിലെ പുരോഗതികൾ എന്ന വിഷയത്തിൽ പ്രഫ.ഡോ. സാബു തോമസ്, ഐഎസ്ആർഒയുടെ ദൗത്യങ്ങൾ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ഡോ. വി. അശോക്, ആസ്ട്രോഫിസിക്സില്‍ ഡോ. വി. വെങ്കിട്ടരാമൻ എന്നിവർ ക്ലാസുകൾ നയിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
District News
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ എസ്ബി കോളജ് മൈതാനത്തെ മാര്‍ പവ്വത്തില്‍ നഗറില്‍ ആരംഭിച്ച 27-ാമത് ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് വിശ്വാസികളുടെ പ്രവാഹം. അമ്പതുനോമ്പിന്റെ തുടക്കത്തില്‍ ഏറെ ആഗ്രഹത്തോടും ദാഹത്തോടുംകൂടിയാണ് അതിരൂപതയുടെ വിവിധ ഇടവകകളില്‍നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികള്‍ വചന കൂടാരത്തിലേക്കെത്തുന്നത്. ആദ്യദിനമായ ഇന്നലെ കാല് ലക്ഷത്തോളംപേര്‍ പങ്കെടുത്തു.
ദൈവപരിപാലന നമ്മെ വഴിനടത്തണമെന്നും വചനം ഗ്രഹിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പ്രശസ്ത വചനപ്രഘോഷകന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പറഞ്ഞു. ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്റണി കാച്ചാംകോട്, സിസ്റ്റര്‍ ബ്രിജി എഫ്സിസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, കത്തീഡ്രല്‍ കൈക്കാരന് ചാള്‍സ് പാലാത്ര എന്നിവര്‍ പ്രസംഗിച്ചു.
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ എല്ലാ ദിവസവും വചന പ്രഘോഷണം നടത്തും
ബ്രഹത്തായ പന്തലും അനുബന്ധ ക്രമീകരണങ്ങളുമാണ് കോളജ് മൈതാനത്തുള്ളത്. വചനപ്രഘോഷണവും ശുശ്രൂഷകളും എല്ലാവര്ക്കും ദൃശ്യമാകുംവിധം വിശാലമായ എല്‍ഇഡി വോളുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
22 വരെ തീയതികളില്‍ ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, 5.30ന് ഗാനശുശ്രൂഷ, ആറിന് വചനപ്രഘോഷണം, ആരാധന എന്നിവ നടക്കും. എല്ലാ ദിവസവും ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ കണ്വന്ഷന് പ്രഭാഷണം നടത്തും.
കണ്വന്ഷന് ദിനങ്ങളില്‍ അട്ടപ്പാടി സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗിനുള്ള ക്രമീകരണമുണ്ടാകും. കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ 9495379045, 7591973033 എന്നീ ഫോണുകളില്‍ ബന്ധപ്പെടേണ്ടതാണ്.
കണ്വന്ഷന് എത്തുന്നവര്‍ക്ക് തിരികെപ്പോകാന്‍ ബസുകളും വാഹന പാര്‍ക്കിംഗിന് വിപുലമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
District News
ചങ്ങനാശേരി: രാത്രിയില്‍ മിന്നിമറയുന്ന മ്ലാവ് നാട്ടുകാര്‍ക്കു കൗതുകമാകുന്നു. ചെത്തിപ്പുഴ, കൂനന്താനം ഭാഗങ്ങളില്‍ രാത്രി വെളിച്ചത്തിലാണ് യാത്രക്കാര്‍ മ്ലാവിനെ കാണുന്നത്. കഴിഞ്ഞയാഴ്ചയില്‍ കൂനന്താനം പള്ളി ഭാഗത്തുനിന്നു മ്ലാവ് സങ്കേതം റോഡിലേക്ക് ഓടിമറയുന്നത് സ്കൂട്ടര്‍ യാത്രികര്‍ മൊബൈലില്‍ വീഡിയോ എടുത്തിരുന്നു.
കഴിഞ്ഞദിവസം രാത്രി ചെത്തിപ്പുഴ ആശുപത്രിക്കു പിന്നിലുള്ള ജിസ് അക്കാദമി റോഡില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച, പാറേല്‍ പള്ളിക്കു സമീപമുള്ള കളരിക്കല്‍ ജോജോയുടെ മുമ്പിലും മ്ലാവ് പ്രത്യക്ഷപ്പെട്ടു. ജോജോ ഇത് മൊബൈല്‍ ഫോണിലെ വീഡിയോയില്‍ ചിത്രീകരിച്ചു.
സ്കൂട്ടറിന്റെ ലൈറ്റ് വെളിച്ചത്തില്‍ മ്ലാവ് കുറേദൂരം ഓടി ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കയറി ഒളിക്കുന്നതു വീഡിയോയില്‍ കാണാം. വനംവകുപ്പിനെ വിവരം അറിയിച്ചതായി ജോജോ ദീപികയോടു പറഞ്ഞു. മ്ലാവ് എവിടെനിന്നും എത്തിയെന്ന ചോദ്യം നാട്ടുകാരില്‍ ഉയരുന്നുണ്ട്.
District News
ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ കാമ്പസില്‍ ആനിമേഷന്‍ ആന്‍ഡ് ഡിസൈന്‍ വിഭാഗം സംഘടിപ്പിക്കുന്ന എന്‍ലിവന്‍-2026 ആനിമേഷന്‍ ഫെസ്റ്റിവലിന് തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവല്‍ പ്രശസ്ത ഇന്ത്യന്‍ ആനിമേറ്ററും സംവിധായികയും അഭിനേത്രിയുമായ ഗീതാഞ്ജലി റാവു ഉദ്ഘാടനം ചെയ്തു.
മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. മാത്യു മുര്യങ്കരി, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, റിസര്‍ച്ച് ഡയറക്ടര്‍ റവ.ഡോ. ലിങ്കണ് കടൂപ്പറയില്, വകുപ്പ് മേധാവി സജി ലൂക്കോസ്, ഫെസ്റ്റിവല്‍ കോ-ഓർഡിനേറ്റര്‍മാരായ ജോര്‍ജ് ജോണ്‍, ജേക്കബ് ഉമ്മന്‍, ജിയോ ജോര്‍ജ്, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ഋഷി വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ട് എക്സിബിഷന് ഗാലറിയുടെ ഉദ്ഘാടനം നാഷണല്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റ് ജോസ് ചാക്കോ നിര്‍വഹിച്ചു.
ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ സിഗ്നേച്ചര്‍ ഫിലിം പ്രദര്‍ശനവും, ഗീതാഞ്ജലി റാവുവിന്റെ ബോംബെ റോസ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും തുടര്‍ന്ന് സംവാദവും നടന്നു.
District News
കോട്ടയം: സെയിന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജ് സംഘടിപ്പിക്കുന്ന സൃഷ്ടി അഖിലേന്ത്യാ എന്‍ജിനിയറിംഗ് പ്രോജക്ട് പ്രദര്‍ശനം 23, 24 തീയതികളില്‍ കാമ്പസില്‍ നടക്കും. കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനവും മത്സരവും നടത്തുന്നത്. ബഹുരാഷ്ട്ര ടെക്നോളജി കമ്പനികളായ ആന്‍സിസ്, മാത്ത് വര്‍ക്ക്സ്, കോണ്‍സെപ്റ്റിയ കണക്ട്, മെഗാ സൊലൂഷന്‍സ് എന്നിവരാണ് സൃഷ്ടിയുമായി വ്യാവസായികമായി സഹകരിക്കുന്നത്. സെയിന്റ്ഗിറ്റ്സ് ഐഇഡിസി, സെയിന്റ്ഗിറ്റ്സ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് എന്നിവയുമായി സഹകരിച്ചാണ് സൃഷ്ടി സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി അഞ്ചു ലക്ഷം രൂപയോളം സമ്മാനത്തുകയുള്ള അവാര്‍ഡുകള്‍ക്കായി പ്രോജക്ടുകള്‍ മത്സരിക്കും. പ്രദര്‍ശനത്തിലെ ഏറ്റവും മികച്ച പ്രോജക്ടിന് ബെസ്റ്റ് ഇന്നൊവേഷന് അവാര്‍ഡായി ഒരു ലക്ഷം രൂപയും മികച്ച ഗൈഡിന് 5,000 രൂപയും ഓരോ വിഭാഗത്തിലെയും മികച്ച പ്രോജക്ടിന് 12,000 രൂപയും സമ്മാനമായി ലഭിക്കും.
സൃഷ്ടിയുടെ ഭാഗമായി ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പ് എക്സ്പോയില്‍ സംരംഭകരും വിദ്യാര്‍ഥി ഗവേഷകരും തങ്ങളുടെ സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കും. 22 മുതല്‍ 24 വരെ സത്വ എന്ന 36 മണിക്കൂര്‍ ദേശീയതല ഹാക്കത്തണും അരങ്ങേറും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി രണ്ടു ദിവസത്തെ പ്രദര്‍ശനം വീക്ഷിക്കാം. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സമീക്ഷ പോസ്റ്റര്‍ പ്രസന്റേഷന് മത്സരം 23നു നടക്കും. സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രോജക്ട് മത്സരം 24നാണ്. രജിസ്ട്രേഷന് 9961985982.
District News
ചങ്ങനാശേരി: കെഎല്‍എമ്മിന്റെ സമുദായ വര്‍ഷാചരണത്തിനു തുടക്കമായി. ചെത്തിപ്പുഴ തിരുഹൃദയ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിര്‍വഹിച്ചു. അതിരൂപതാ ജനറല്‍ സെക്രട്ടറി പി.ജെ. സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി. അതിരൂപതയുടെ വികാരി ജനറാളും കെഎല്‍എം അതിരൂപത പ്രസിഡന്റുമായ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് മുഖ്യപ്രഭാഷണവും അതിരൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് ചമ്പക്കുളത്തില്‍ ആമുഖപ്രഭാഷണവും ചെത്തിപ്പുഴ യൂണിറ്റ് ഡയറക്ടര്‍ ഫാ. തോമസ് കല്ലുകളം ചാരിറ്റി ഉദ്ഘാടനവും നിര്‍വഹിച്ചു. സമ്മാന കൂപ്പണിന്റെ ഉദ്ഘാടനം മോണ്‍. ആന്റണി എത്തയ്ക്കാട്ട് ജോയിന്റ് സെക്രട്ടറി ലാലി ബോബന് നല്കി നിര്‍വഹിച്ചു. ജോയിന്റ് സെക്രട്ടറി ഷാജി കോര, പ്രോഗ്രാം കോഓർഡിനേറ്റര്‍ റ്റിസണ്‍ തോമസ്, കെ.ഡി. ചാക്കോ, സോണി പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കെഎല്‍എം അംഗങ്ങളായ ജനപ്രതിനിധികളെ ആദരിച്ചു.
District News
കടുത്തുരുത്തി: കാത്തിരിപ്പിനൊടുവില്‍ ആപ്പാഞ്ചിറ പാലത്തിന്റെ ഇരുവശവും കൈവരികള്‍ സ്ഥാപിച്ചു. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗമാണ് റോഡ് സുരക്ഷയുടെ ഭാഗമായി പുതിയ കൈവരികള്‍ സ്ഥാപിച്ചത്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് നാളുകളായിരുന്നു. ആപ്പാഞ്ചിറ തോടിനു കുറുകെയാണ് പാലമുള്ളത്. പഴയ പാലമായതിനാല്‍ നടപ്പാതയില്ലാത്തതും കൈവരികള്‍ തകര്ന്നുകിടന്നിരുന്നതും വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയായിരുന്നു.
വാഹനങ്ങളിടിച്ചാണ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത്.
എറണാകുളത്തേക്കുള്ള ദിശയില്‍ വലതുഭാഗത്തെ കൈവരി വാഹനമിടിച്ചു തകര്‍ന്നിട്ട് രണ്ടു വര്‍ഷത്തോളമായി. ആറുമാസം മുമ്പ് കൊച്ചിയിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ഇടിച്ച് പാലത്തിന്റെ ഇടതുവശത്തെ കൈവരികളും തകര്‍ന്നു. ജല അഥോറിറ്റിയുടെ പൈപ്പിനും തകരാര്‍ സംഭവിച്ചു.
കൈവരിയുണ്ടായിരുന്നതുകൊണ്ടു മാത്രമാണ് 25 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും സഞ്ചരിച്ചിരുന്ന വാഹനം തോട്ടിലേക്കു മറിയാതിരുന്നത്. ഇതേത്തുടര്‍ന്ന് കടുത്തുരുത്തി പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന് ഇടപെട്ട് തലയോലപ്പറമ്പിലെ പൊതുമരാമത്ത് വിഭാഗത്തെക്കൊണ്ട് പാലത്തിനിരുവശവും അപകടസാധ്യത കുറയ്ക്കാന്‍ മുളകൊണ്ട് താത്കാലികമായി സുരക്ഷാവേലി നിര്‍മിച്ചിരുന്നു.
മോന്‍സ് ജോസഫ് എംഎൽഎ ഇടപെട്ടാണ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തെക്കൊണ്ട് കഴിഞ്ഞദിവസം ജിഐ പൈപ്പുകള്‍കൊണ്ടുള്ള സുരക്ഷാ കൈവരികള്‍ സ്ഥാപിച്ചത്.
അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലം പുതുക്കി നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി മണ്ണു പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.